crime

ആലുവ: തൊണ്ടിമുതൽ ഉൾപ്പെടെ കണ്ടെത്തുന്നതിനായി എടയാർ സ്വർണക്കവർച്ച കേസിലെ അഞ്ച് പ്രതികളെയും അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ജൂൺ രണ്ടിന് ഇവരെ തിരികെ കോടതിയിൽ ഹാജരാക്കണം.

കവർച്ചയുടെ മുഖ്യസൂത്രധാരൻ ഇടുക്കി മുരിക്കാശേരി കുര്യാത്ത് സതീഷ് സെബാസ്റ്റ്യൻ (39), തൊടുപുഴ മടക്കത്താനം കിഴക്കേമടത്തിൽ

റാഷീദ് ബഷീർ (39), മടക്കത്താനം വെള്ളാപ്പള്ളിയിൽ നസീബ് നൗഷാദ് (22), തൊടുപുഴ കുമാരമംഗലം നടുവിലകത്ത് സുനീഷ് സുധാകരൻ (30), നേരത്തെ പിടിയിലായ തൊടുപുഴ മുതലക്കോടം സ്വദേശി ബിബിൻ ജോർജ് (26) എന്നിവരെയാണ് കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ആലുവ കോടതി കസ്റ്റഡിയിൽ വിട്ടുനൽകിയത്.

പ്രതികൾ കവർന്ന 20 കിലോ സ്വർണം കണ്ടെടുക്കേണ്ടതുണ്ട്. സ്വർണം സൂക്ഷിക്കുന്നവരെയും പ്രതികൾക്ക് ഒളിവിൽ താമസിക്കാൻ സൗകര്യമൊരുക്കിയവരെയും പിടികൂടണം. ഏലത്തോട്ടത്തിൽ പ്രതികൾക്ക് ഒളിത്താവളമൊരുക്കിയ ഇടുക്കി മുരിക്കാശേരി സ്വദേശി ഇ.ടി. സെബാസ്റ്റ്യൻ അന്വേഷണ സംഘത്തിന് പിടികൊടുക്കാതെ ഓടി രക്ഷപ്പെടുകയായിരുന്നു.

കാസർകോട് കാഞ്ഞങ്ങാട് സ്വദേശി നൗഷാദിന്റേതാണ് ഏലത്തോട്ടം. ഇവിടത്തെ ജോലിക്കാരനായിരുന്ന സെബാസ്റ്റ്യന്റെ സുഹൃത്താണ് മുഖ്യപ്രതി സതീഷ് സെബാസ്റ്റ്യൻ.

തൊണ്ടി മുതൽ കണ്ടെത്താനാകാത്തത് പൊലീസിനെ വലയ്ക്കുകയാണ്. കുറ്റം തെളിഞ്ഞാലും ശിക്ഷകളിൽ നിന്ന് പോലും പ്രതികൾ രക്ഷപ്പെടാൻ ഇത് കാരണമായേക്കാം. അതിനാൽ ഏത് വിധേനയും സ്വർണം കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.