hsptl
കുമാരപുരം പ്രാഥമിക ആരോഗ്യ കേന്ദ്രം

കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിലെ കുമാരപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് ഇനി പുതിയ മുഖം. ആശുപത്രിയെ ഫാമിലി ഹെൽത്ത് സെന്ററായി സർക്കാർ ഉയർത്തി. ഇനി മുതൽ ഒരു ഗൈനക്കോളജിസ്റ്റ് ഉൾപ്പെടെ നാല് ഡോക്ടർമാരുടെ സേവനം ലഭിക്കും.നിലവിൽ എൻ.ആർ.എച്ച് എമ്മിൽ നിന്നുളള ഒരു ഡോക്ടറേ ആശുപത്രിയിൽ ഉള്ളൂ. രാവിലെ മുതൽ വൈകിട്ട് ആറുവരെ ഒ.പി പ്രവർത്തിക്കും.

ഡോക്ടർമാരുടെ കുറവുകാരണം ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റിത്തുടങ്ങിയിട്ട് നാളുകളേറെയായി. കുന്നത്തുനാട്, കിഴക്കമ്പലം, വടവുകോട് പുത്തൻകുരിശ് തുടങ്ങിയ പഞ്ചായത്ത് പരിധിയിൽ നിന്നും ദിവസവും ഇരുനൂറിലേറെ രോഗികളാണ് ഇവിടെ എത്തിയിരുന്നത് .ഒരു ഡോക്ടറുടെ സേവനം മാത്രം ലഭിക്കുന്ന ആരോഗ്യകേന്ദ്രത്തിൽ പല രോഗികൾക്കും ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിലാണ് ചികിത്സ ലഭ്യമായിരുന്നത്.

നേരത്തെ എം.എൽ.എ ഫണ്ടിൽ നിന്ന് കോടികൾ മുടക്കി നിർമ്മിച്ച ഡോക്ടറുടെ ക്വാർട്ടേഴ്‌സ്, കിടത്തി ചികിത്സാ വാർഡ്, ഓപ്പറേഷൻ തിയ​േറ്റർ, മോർച്ചറി എന്നിവ ഉപയോഗിക്കാതെ കാലപ്പഴക്കം കൊണ്ട് നാശത്തിന്റെ വക്കിലാണ്. അതിനിടയിലാണ് സർക്കാർ തലത്തിൽ ആശുപത്രിക്ക് പുത്തനുണർവേകി ആവശ്യത്തിന് ഡോക്ടർമാരെ നിയമിച്ച് പ്രഖ്യാപനമെത്തിയത്. മറ്റ് ജീവനക്കാരെക്കൂടി ഉടനെ നിയമിച്ച് ആശുപത്രിയുടെ സേവനം മെച്ചപ്പെടുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

നടപടി വേഗത്തിൽ

ആശുപത്രിക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങളുടെ കുറവുണ്ടെങ്കിൽ ഉടനെ അതു പരിഹരിക്കുമെന്നും ഡോക്ടർമാരുടെ സേവനം എത്രയും വേഗം ലഭ്യമാക്കാൻ നടപടി എടുക്കുമെന്നും കുന്നത്തുനാട് പഞ്ചായത്ത് നിയുക്ത പ്രസിഡന്റ് കെ.കെ. പ്രഭാകരൻ പറഞ്ഞു.