പെരുമ്പാവൂർ: അടിക്കടിയുണ്ടാകുന്ന വൈദ്യുതിമുടക്കം കുടിവെള്ളവിതരണത്തെ ബാധിച്ചതിനുപിന്നാലെ വാട്ടർ അതോറിറ്റിയുടെ കെടുകാര്യസ്ഥതകൂടിയായതോടെ കുറുപ്പംപടിയിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. കീഴില്ലം കുറിച്ചിലക്കോട് റോഡിൽ ഡയറ്റ് ലാബ് സ്കൂളിന് സമീപത്തെ പ്രധാനപൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് ഒരാഴ്ച പിന്നിടുന്നു. പൈപ്പ് നന്നാക്കുന്നതിന്റെ ഭാഗമായി കുഴി എടുത്തതല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല. ജോലിക്കാരുടെ കുറവുകൊണ്ടാണ് പൈപ്പ് നന്നാക്കുന്നതിന് കാലതാമസമെടുക്കുന്നതെന്നാണ് കരാറുകാരുടെ വിശദീകരണം. ഇക്കാര്യം വാട്ടർ അതോറിറ്റി അധികൃതരെ ബോദ്ധ്യപ്പെടുത്തിയിട്ടും തുടർ നടപടിയില്ല. ഉദ്യോഗസ്ഥർ തമ്മിലുള്ള പടലപ്പിണക്കവും ഇതിന് പുറകിലുണ്ടെന്ന് ആരോപണമുയർന്നിട്ടുണ്ട്.
കുടിവെള്ളം കൃത്യമായി കിട്ടിയിട്ട് രണ്ടാഴ്ച പിന്നിട്ടു
കുറുപ്പംപടി നിവാസികൾക്ക് വെള്ളം കൃത്യമായി ലഭിച്ചിട്ട് രണ്ടാഴ്ചയിൽ അധികമായി. കാറ്റ് അടുത്തുകൂടിപ്പോയാൽ പ്പോലും വൈദ്യുതി നിലയ്ക്കുന്ന കെ.എസ്.ഇ.ബിയുടെ കുറുപ്പംപടി സെക്ഷൻ പരിധിയിലുള്ള മുടക്കരായിയിലെ മുളപ്പൻചിറയോട് ചേർന്നുള്ള വാട്ടർ അതോറിറ്റിയുടെ പമ്പ് ഹൗസിൽ നിന്നാണ് കുറുപ്പംപടിയിലും സമീപ പ്രദേശങ്ങളിലും വെള്ളമെത്തുന്നത്. പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതിനാൽ വീടുകൾക്ക് മുകളിലുള്ള ടാങ്കുകളിൽ വെള്ളമെത്താനുള്ള മർദ്ദമില്ല. ദൈനംദിന ആവശ്യങ്ങൾക്ക് പോലും വെള്ളമില്ലാത്ത അവസ്ഥയായി. പലരും അടുത്തുള്ള വീടുകളിലെ കിണറുകളെയാണ് വെള്ളത്തിനായി ആശ്രയിക്കുന്നത്. പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.