കൊച്ചി: ബ്രോഡ്‌വേയിൽ തീപിടിത്തം ഉണ്ടായപ്പോൾ നഗരം കണ്ടത് നിരനിരയായി ഇടുങ്ങിയ വഴിയിലൂടെ നീങ്ങിയ ഫയർഫോഴ്സ് യൂണിറ്റുകളെയാണ്. ജില്ലയുടെ പലഭാഗങ്ങളിലെ ഫയർഫോഴ്സ് ഓഫീസുകളിൽ നിന്നും ബ്രോഡ്‌വേയിലേക്കെത്തിയത് 25 വാഹനങ്ങളാണ്. വെറും മൂന്ന് കടയിലെ തീപിടിത്തത്തിന് എന്തിന് 25 ഫയർ യൂണിറ്റുകളെന്ന് ചിലരെങ്കിലും ചിന്തിച്ചിരിക്കാം. വെള്ളമില്ലാതെ തങ്ങളുടെ ശ്രമം വൃഥാവിലാവരുത് എന്നത് മാത്രമായിരുന്നു ലക്ഷ്യം. 25 വാഹനങ്ങളിലെ വെള്ളം ചെയിൻസിസ്റ്റമായി ഉപയോഗിച്ചാണ് തീ അണയ്ക്കൽ ഫയർഫോഴ്സ് സാദ്ധ്യമാക്കിയത്. ഫയർഫോഴ്സിന്റെ ഏറ്റവും വലിയ പ്രശ്നം ആവശ്യമായ വെള്ളം എങ്ങനെയെത്തിക്കും എന്നതുതന്നെയാണ്. ഫയർ ഹൈഡ്രന്റ് എന്ന അവരുടെ സ്വപ്നം ഇന്നും കൈയെത്താദൂരത്താണ്.
തീയണക്കാൻ റോഡിൽ ഫയർ ഹൈഡ്രന്റ് സ്ഥാപിക്കണം എന്നാണ് നിയമം. പലതവണ ഈ ആവശ്യവുമായി വാട്ടർ അതോറിട്ടിയെ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ആവശ്യത്തിന് കുടിവെള്ളം നൽകാനാകാത്തപ്പോൾ എങ്ങനെ ഇത്തരം "പാഴ്പദ്ധതികൾക്കായി " വെള്ളം കളയുമെന്നായിരുന്നു അവരുടെ മറുപടിയെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തുന്നു. കാലവർഷമുൾപ്പെടെ നന്നായി മഴ ലഭിക്കുന്ന സംസ്ഥാനത്തിലാണ് വാട്ടർ അതോറിട്ടിയുടെ ഈ ഉത്തരം! നഗരം മുഴുവൻ സ്ഥാപിച്ചില്ലെങ്കിലും ബ്രോഡ്‌വേയും മട്ടാഞ്ചേരിയും പോലെ ഇടുങ്ങിയ വഴികളുള്ള,സ്ഥലങ്ങളിലെങ്കിലും ഹൈഡ്രന്റുകൾ സ്ഥാപിച്ചു കിട്ടണമെന്നാണ് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരുടെ ആവശ്യം.
എത്തും സ്കൈലിഫ്റ്റ്
ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന മറ്റൊരു ഉപകരണമാണ് വലിയ കെട്ടിടങ്ങളുടെ മുകളിൽ എത്താൻ സഹായിക്കുന്ന സ്കൈ ലിഫ്റ്റ്. രണ്ടെണ്ണം സംസ്ഥാനത്തിനായി വാങ്ങാൻ ഗ്ളോബൽ ടെണ്ടർ വിളിച്ചിരിക്കുകയാണ് . . എറണാകുളം ജില്ലാ ഡിസാസ്റ്റർ മാനേജ്മെന്റ് വിഭാഗം തങ്ങളുടെ ഫണ്ടിലൂടെ ഇതിനുള്ള പിന്തുണ നൽകാമെന്ന് ജില്ലയിലെ ഫയർഫോഴ്സ് വിഭാഗത്തിന് ഉറപ്പുനൽകിയിട്ടുണ്ട്. ഏകദേശം 12 കോടിയാണ് ഒരു സ്കൈ ലിഫ്റ്റിന്റെ വില.
അംഗബലം ഒ.കെ
പുതിയ ട്രെയിനിംഗ് ബാച്ച് കൂടി എത്തുന്നതോടെ ഫയർ ഫോഴ്സിന് ജില്ലയിൽ അംഗബലം ആവശ്യത്തിനാകുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുപറയുന്നു. പ്രളയം കണ്ട സാഹചര്യത്തിൽ ആപതാമിത്ര എന്ന കേന്ദ്രസർക്കാരിന്റെ പദ്ധതിയിൽ ട്രെയിനിംഗ് അക്കാഡമിയിൽ തിരഞ്ഞെടുത്ത ഫയർഫോഴ്സ് ജീവനക്കാർക്ക് പരിശീലനംനൽകി. ഈ ജീവനക്കാർ ബാക്കിയുള്ള ജീവനക്കാർക്കും കമ്മ്യൂണിറ്റി റെസ്ക്യൂ വാളണ്ടിയർ ടീമിനും ട്രെയിനിംഗ് നൽകാനുള്ള ശ്രമം നടന്നുവരികയാണ്.