പിറവം :പാമ്പാക്കുട ഓണക്കൂർ പള്ളിപടിയ്ക്ക് സമീപം അമ്മംപറമ്പിൽ സുധാകരന് (65) ഇന്നലെ രാവിലെ പത്ത് മണിയോടെ കടന്നൽ കുത്തേറ്റ് സാരമായി പരുക്കേറ്റു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിന്റെ സമീപത്തെ മരകൊമ്പിലെ കടന്നൽ കൂട്ടിൽ നിന്നുള്ള കടന്നലുകളാണ് ആക്രമിച്ചത്. സമീപത്തുള്ള എൽ.പി സ്‌കൂളിലേക്ക് ഓടിക്കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കടന്നൽ കൂട്ടം പിന്തുടർന്ന് ആക്രമിച്ചു. സ്‌കൂൾ വളപ്പിൽ തന്നെയുള്ള അംഗൻവാടിയിലെ അദ്ധ്യാപിക ഉടൻ തന്നെ വാതിൽ അടച്ചതാൽ കുഞ്ഞുങ്ങൾ രക്ഷപ്പെട്ടു. രക്ഷാപ്രവർത്തനത്തിനിറങ്ങിയ ബി.ആർ.സി യിലെ താൽക്കാലിക ജീവനക്കാരൻ ജേക്കബ് പോളിനും കടന്നൽ കുത്തേറ്റു. പിറവത്ത് നിന്നും അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തിയിരുന്നു.