sss

കൊച്ചി: ശബരി

മലയിൽ യുവതീ പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി വിധി മറികടക്കാൻ വിശ്വാസ സംരക്ഷണ നിയമം കൊണ്ടുവന്നാൽ അതും സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെടും. കേരളത്തിൽ അധികാരത്തിൽ വന്നാൽ വിശ്വാസ സംരക്ഷണ നിയമം കൊണ്ടുവരുമെന്ന് യു.ഡി.എഫ് പ്രഖ്യാപിച്ചിരുന്നു. നിയമം കൊണ്ടുവന്നാൽ അതും സുപ്രീം കോടതിയുടെ ജുഡിഷ്യൽ പരിശോധനയ്ക്ക് വിധേയമാണെന്നതിനാൽ പ്രഖ്യാപനം രാഷ്ട്രീയ സ്റ്റണ്ട് മാത്രമാണെന്ന് നിയമവിദഗ്ദ്ധർ പറയുന്നു.

ഇത്തരമൊരു നിയമം ലിംഗനീതിക്കും മൗലികാവകാശങ്ങൾക്കും വിരുദ്ധമായതിനാൽ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്ന് ഭരണഘടനാവിദഗ്ദ്ധനും പ്രമുഖ സുപ്രീം കോടതി അഭിഭാഷകനുമായ അഡ്വ. കാളീശ്വരം രാജ് ചൂണ്ടിക്കാട്ടുന്നു. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിയുടെ അന്തഃസത്തയെ ചോദ്യം ചെയ്യുന്ന നിയമ നിർമ്മാണം കോടതി കയറാനാണ് സാദ്ധ്യതയെന്നും സുപ്രീം കോടതിക്ക് നിയമം റദ്ദാക്കാൻ കഴിയുമെന്നും കാളീശ്വരം രാജ് വ്യക്തമാക്കി. തമിഴ്നാട് സർക്കാർ ജല്ലിക്കട്ടിനു വേണ്ടി കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ ഒാർഡിനൻസ് കൊണ്ടുവന്നതിന് സമാനമല്ല ഇതെന്നും അദ്ദേഹം പറയുന്നു. പാലക്കാട് കരുണ, കണ്ണൂർ മെഡിക്കൽ കോളേജുകളിലെ വിദ്യാർത്ഥി പ്രവേശനം ക്രമപ്പെടുത്താൻ സംസ്ഥാന സർക്കാർ കൊണ്ടുവന്ന ഒാർഡിനൻസ് സുപ്രീം കോടതി റദ്ദാക്കിയത് ജുഡിഷ്യറിയുടെ അധികാരത്തിലുള്ള കടന്നുകയറ്റമാണെന്ന് നിരീക്ഷിച്ചാണ്. സമാന സ്ഥിതി ഇതിനുമുണ്ടാകുമെന്ന് നിയമ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

നിയമം കൊണ്ടുവരാനാകും

വിശ്വാസ സംരക്ഷണ നിയമം സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെടാമെങ്കിലും ചില കേസുകളിൽ നിയമ നിർമാണത്തിന്റെ ഭരണഘടനാ സാധുത സുപ്രീം കോടതി തന്നെ ശരിവച്ചിട്ടുണ്ടെന്ന് മുൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ അഡ്വ. ടി. അസഫ് അലി പറയുന്നു. ഷബാനു കേസിൽ കേന്ദ്ര സർക്കാർ നിയമമുണ്ടാക്കിയത് ഉദാഹരണമായി അസഫ് അലി ചൂണ്ടിക്കാട്ടുന്നു. വിവാഹമോചിതയായ മുസ്ളിം സ്ത്രീക്ക് മാസം തോറും ചെലവിന് നൽകണമെന്ന് ഷബാനു കേസിൽ സുപ്രീം കോടതി വിധിച്ചപ്പോൾ 1986ൽ കേന്ദ്രസർക്കാർ മുസ്ളിം വിമെൻ (പ്രൊട്ടക്ഷൻ ആൻഡ് റൈറ്റ്സ് ഒാൺ ഡിവോഴ്സ്) ആക്ട് കൊണ്ടുവന്നു. സുപ്രീം കോടതി വിധി മറികടക്കാനാണ് നിയമം കൊണ്ടുവന്നതെന്ന് ആരോപിച്ച് വിഷയം സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. എന്നാൽ നിയമം വിധിയെ ദുർബലപ്പെടുത്തുന്നതാണെങ്കിലും നിയമ നിർമ്മാണത്തിന്റെ ഭരണഘടനാ സാധുത ശരി വയ്ക്കുന്നുവെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. എസ്.സി - എസ്.ടി വിഭാഗങ്ങൾക്ക് എതിരായ പരാതികളിൽ കേസെടുക്കും മുമ്പ് ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ ആരോപണം പരിശോധിക്കണമെന്ന സുപ്രീംകോടതി വിധി മറികടക്കാൻ എൻ.ഡി.എ സർക്കാർ നിയമ ഭേദഗതി കൊണ്ടുവന്നു. തമിഴ്നാട്ടിൽ ജല്ലിക്കെട്ട് നടത്താൻ സർക്കാർ ഒാർഡിനൻസ് ഇറക്കിയതടക്കം ഉദാഹരണങ്ങളുണ്ട്. നിയമ നിർമ്മാണത്തിന് കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനും ഭരണഘടനാപരമായി അധികാരമുള്ളതിനാൽ വിശ്വാസ സംരക്ഷണ നിയമം കൊണ്ടുവരാൻ കഴിയും. - അസഫ് അലി പറഞ്ഞു.