ente
വിജയൻ വീടിനായി കെട്ടിയിട്ട തറ

പിറവം: നിരാലംബരായ ഒരു കുടുംബത്തിനു കൂടി തണലേകുകയാണ് സാമൂഹ്യ പ്രവർത്തകൻ ജിനു സി.ചാണ്ടിയുടെ നേതൃത്യത്തിലുള്ള എന്റെ പാമ്പാക്കുട വാട്സ് ആപ്പ് കൂട്ടായ്മ. പാമ്പാക്കുട പഞ്ചായത്ത് പ്രദേശത്ത് പണിതീരാത്ത 15 വീടുകൾ ഏറ്റെടുത്ത് പൂർത്തീകരിച്ച് ഗൃഹപ്രവേശം സാദ്ധ്യമാക്കിയ കൂട്ടായ്മ ഇപ്രാവശ്യം പഞ്ചായത്തിലെ 12-ാം വാർഡിൽപ്പെട്ട മങ്ങോട്ടിൽ വിജയനാണ് വീട് നിർമിച്ചുനൽകുന്നത്. ഭാര്യയും വിദ്യാർത്ഥികളായ രണ്ട് മക്കളുമടങ്ങുന്നതാണ് കുടുംബം.

ഇന്ന് രാവിലെ 9 ന് എൽദോ മാർ തിമോത്തോസ് തിരുമേനി വീടിന്റെ കട്ടിളവെയ്പ്പ് നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം കെ.എൻ. സുഗതൻ പമ്പാക്കുട പഞ്ചായത്ത് പ്രസിഡന്റ് സുഷമ മാധവൻ എന്നിവരും ചടങ്ങിൽ സംബന്ധിക്കും. ഒരു മാസം കൊണ്ട് വീട് പൂർത്തീകരിച്ച് നൽകുമെന്ന് എന്റെ പാമ്പാക്കുട വാട്സ് ആപ്പ് ഗ്രൂപ്പ് ചെയർമാൻ ജിനു.സി.ചാണ്ടി പറഞ്ഞു.

2006ൽ വിജയന് സർക്കാരിന്റെ ഭവനപദ്ധതിയിൽ വീട് നിർമാണത്തിന് 75,000 രൂപ അനുവദിച്ചിരുന്നു. എന്നാൽ ആദ്യ ഗഡു ലഭിച്ച് തറ പണി പൂർത്തീകരിച്ചപ്പോഴാണ് ഡ്രൈവറായ ഇദ്ദേഹം അപകടത്തിൽപ്പെട്ട് കിടപ്പിലായത്. അതോടെ വീടെന്ന സ്വപ്നം എന്നെന്നേക്കുമായി ഈ കുടുംബത്തിന് അന്യമായി. കടങ്ങളും പ്രാരാബ്ധങ്ങളുമായി കഴിഞ്ഞ വിജയന്റെ കുടുംബം പിന്നീട് സർക്കാരിന്റെ പല പദ്ധതികളിലും ഭവന നിർമ്മാണത്തിനായി അപേക്ഷകൾ സമർപ്പിച്ചെങ്കിലുംം മുമ്പൊരിക്കൽ അനുവദിച്ചതുകൊണ്ട് പരിഗണിക്കാൻ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. വീടിനായി നിർമ്മിച്ച തറയോട് ചേർന്ന് പ്ളാസ്റ്റിക് ഷീറ്റുവലിച്ചുകെട്ടിയ കൂരയ്ക്കുള്ളിലാണ് ഇവർ കഴിയുന്നത്. നീണ്ട പതിമൂന്നു വർഷങ്ങൾക്കു ശേഷം തങ്ങളുടെ സ്വപ്നം യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നതിന്റെ സംതൃപ്തിയിലാണ് ഈ കുടുംബം.

അമേരിക്കയിലെ ഏറ്റവും വലിയ അസോസിയേഷനായ മലയാളി അസോസിയേഷൻ ഒഫ് ന്യൂജേഴ്സിയുടെ (കാൻജ് ) പ്രസിഡന്റായിരുന്ന ജയിംസ് ജോർജ് പൊട്ടക്കലിന്റെ ഇടപെടൽ മൂലമാണ് വിജയന്റെ ഗൃഹനിർമാണം ഏറ്റെടുക്കാൻ കഴിഞ്ഞതെന്ന് ജിനു പറഞ്ഞു. നെയ്ത്തുശാലപ്പടിയിൽ ഒറ്റമുറി വീട്ടിൽ വർഷങ്ങളായി തളർന്നു കിടക്കുന്ന രഞ്ജിത്തിനും ജയിംസിന്റെെ ഇടപെടലിൽ വീട് നിർമ്മിച്ച് നൽകാൻ കൂട്ടായ്മക്ക് കഴിഞ്ഞിരുന്നു. മലങ്കര യാക്കോബായ സഭയുടെ അമേരിക്കരിക്കയിലെ ഭദ്രാസന മെത്രാപ്പൊലീത്ത എൽദോ മാർ തിമോത്തോസ് തിരുമേനി മെത്രാപ്പൊലീത്ത ആയതിന്റെ 15-ാം വാർഷികത്തോടനുബന്ധിച്ച് നിർദ്ധനർക്ക് കേരളത്തിൽ 15 വീടുകൾ നിർമ്മിച്ചു നൽകുന്ന കാൻജ് കെയർ പ്രൊജക്ടിൽ ഉൾപ്പെടുത്തിയാണ് വീടുകൾ നിർമിക്കുന്നത്.