ലോകകപ്പ് വേദികളിൽ എല്ലാക്കാലത്തും സൂപ്പർ ടീമുമായാണ് ദക്ഷിണാഫ്രിക്ക എത്തുക. താരപ്രഭാവം ഏറെയുണ്ടെങ്കിലും സുവർണകിരീടം ഹൃദയത്തോട് ചേർക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് ആയിട്ടില്ല. അനായാസം സെമിയിലെത്തും. എന്നാൽ, നിർഭാഗ്യങ്ങളിൽ തട്ടി വീഴുകയാണ് പതിവ്. ഇത്തവണ ഏറ്റവും മികച്ച ടീമിനൊപ്പം പ്രാർഥനയോടെയാണ് ഫാഫ് ഡുപ്ലസിസിയും സംഘവും എത്തിയിട്ടുള്ളത്. 1992 മുതൽ ലോകകപ്പ് ക്രിക്കറ്റിൽ പങ്കെടുക്കാൻ തുടങ്ങിയ ദക്ഷിണാഫ്രിക്ക നാലു തവണ സെമിയിൽ കളിച്ചു. 1992, 1999, 2007, 2015 വർഷങ്ങളിൽ. ഇതിൽ രണ്ട് പ്രാവശ്യവും ജയത്തിലേക്ക് അടുക്കുകയായിരുന്ന ദക്ഷിണാഫ്രിക്കയുടെ വഴി മുടക്കിയത് മഴയായിരുന്നു.
മികവ്
ബാറ്റിംഗിലെയും ബൗളിംഗിലെയും വമ്പൻമാരുമായാണ് ദക്ഷിണാഫ്രിക്ക എത്തിയിട്ടുള്ളത്. ഹാഷിം അംല, ഡി കോക്ക്, ജെ.പി ഡുമിനി, ഡേവിഡ് മില്ലർ, ഡെയ്ൻ സ്റ്റെയിൻ, ഇംമ്രാൻ താഹിർ, ഫാഫ് ഡുപ്ലസിസ് എന്നിവർ അനുഭവ സമ്പന്നരാണ്. ടീമിൽ പകുതിപേരും ലോകകപ്പിൽ അരങ്ങേറ്റക്കാരാണ്. കഗിസോ റബാഡ, ലുങ്കി എംഗിഡി, ഡ്വെയ്ൻ പെട്രീഷ്യസ്, ഇംമ്രാൻ താഹിർ എന്നിവർ ബൗളിംഗിനും മൂർച്ച കൂട്ടുന്നു.
പോരായ്മ
ഏറെ നാളായി ഫോമില്ലാതെ വിഷമിക്കുന്ന ഹാഷിം അംല, ഐഡർ മക്രം എന്നിവർ ഫോമിലേക്ക് തിരിച്ചെത്തിയില്ലെങ്കിൽ കനത്ത വില നൽകേണ്ടി വരും.
ടീം: ഫാഫ് ഡുപ്ലസിസ് (ക്യാപ്ടൻ) ക്രിസ് മോറിസ്, തബരോസ് ഷംസി, ഐഡർ മാർക്രം, ക്വിന്റൻ ഡി കോക്ക് (വിക്കറ്റ് കീപ്പർ) ഹാഷിം അംല, റസി വാൻഡർ, ഡുസൻ ഡേവിഡ് മില്ലർ, ആൻഡിലെ ഫെലുക്വായോ, ജെ.പി ഡുമിനി, ഡെയിൻ പ്രിട്ടോറിയസ്, ഡെയ്ൻ സ്‌റ്റൈൻ.