കൊച്ചി : എറണാകുളം കാരിയ്ക്കാമുറിയിലെ ഉപഭോക്തൃ സേവനകേന്ദ്രം അ‌ടച്ചുപൂട്ടിയതിന് പിന്നാലെ കളത്തിപ്പറമ്പിൽ റോഡിലെ കേന്ദ്രത്തിന്റെ പ്രവർത്തനസമയവും വെട്ടിച്ചുരുക്കുന്നു. നഗരവാസികൾക്ക് ഏറ്റവും ഗുണകരമായി 12 മണിക്കൂറും പ്രവർത്തിച്ച കേന്ദ്രം ജൂൺ ഒന്നുമുതൽ ഒമ്പതു മണിക്കൂറേ പ്രവർത്തിക്കുകയുള്ളു. ഉപഭോക്താക്കൾക്ക് ഏറ്റവും ഗുണം ചെയ്തിരുന്ന രാവിലെ ഒരുമണിക്കൂറും വൈകിട്ട് രണ്ടു മണിക്കൂറുമാണ് കുറയ്ക്കുന്നത്.

എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷന് സമീപം സ്ഥിതിചെയ്യുന്ന ബി.എസ്.എൻ.എൽ ഭവനിലാണ് ഉപഭോക്തൃ സേവനകേന്ദ്രം പ്രവർത്തിക്കുന്നത്. സ്തുത്യർഹമായ സേവനമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. രാവിലെ 8 മുതൽ രാത്രി 8 വരെയായിരുന്നു പ്രവർത്തനം. രാവിലെ ആരംഭിക്കുന്നതും വൈകിയും പ്രവർത്തിക്കുന്നതും നഗരത്തിൽ ജോലി ചെയ്യുന്നവർക്ക് ഗുണകരമായിരുന്നു.

കാരിയ്ക്കാമുറിയിൽ പൂട്ടി

കാരിയ്ക്കാമുറിയിലെ കേന്ദ്രം പൂട്ടിയെങ്കിലും കളത്തിപ്പറമ്പിൽ റോഡിലെ പ്രവർത്തിച്ചിരുന്നതിനാൽ ഇടപാടുകാർക്ക് ബുദ്ധിമുട്ടുണ്ടായില്ല. രാവിലെയും വൈകിട്ടും ബില്ലുകൾ അടയ്ക്കുന്നതിനും നേരിട്ടെത്തി പരാതികൾ പരിഹരിക്കാനും കഴിഞ്ഞിരുന്നു. വൈകിട്ട് ആറുവരെ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും കേന്ദ്രം എട്ടുവരെ പ്രവർത്തിക്കുന്നത് സഹായമായിരുന്നു. റെയിൽവെ സ്റ്റേഷനു സമീപമായതിനാൽ യാത്രക്കാർക്കും ഗുണകരമായിരുന്നു. അധികൃതരുടെ നടപടി ഉപഭോക്താക്കളെ വലയ്ക്കുമെന്നുറപ്പാണ്.

ടെലികോം രംഗത്തെ സ്വകാര്യ കമ്പനികൾ രാത്രി 9 വരെ ഉപഭോക്തൃകേന്ദ്രം പ്രവർത്തിപ്പിക്കുമ്പോഴാണ് പൊതുമേഖലയിലെ ബി.എസ്.എൻ.എൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാക്കി ചുരുക്കുന്നത്.

ബി.എസ്.എൻ.എൽ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ നടത്തുന്ന നീക്കങ്ങളുടെ ഭാഗമായാണ് സമയം ചുരുക്കലെന്നാണ് അധികൃതർ നൽകുന്ന വിവരം. വരുമാനം കുറഞ്ഞതോടെ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും വിഷമിക്കുകയാണ്. കൂടുതൽ സമയം കേന്ദ്രം പ്രവർത്തിപ്പിക്കാൻ കൂടുതൽ ജീവനക്കാരെ നിയോഗിക്കുന്നത് ഒഴിവാക്കാനാണ് നീക്കമെന്നാണ് സൂചന.

പൊതു നടപടി

സംസ്ഥാനത്തെ ഉപഭോക്തൃ സേവനകേന്ദ്രങ്ങളുടെ സമയം പുന:ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ബി.എസ്.എൻ.എൽ ഭവനിലെയും നടപടി. ഉപഭോക്താക്കളെ ബാധിക്കാതെ മൂന്നു മണിക്കൂർ ചുരുക്കുകയാണ് ചെയ്യുന്നത്.

ബി.എസ്.എൻ.എൽ വക്താവ്

തീരുമാനം പുന:പരിശോധിക്കണം

സമയം കുറയ്ക്കുന്നത് ഉപഭോക്താക്കൾക്കു ബുദ്ധിമുട്ട് സൃഷ്ടിക്കും. വലിയ നഗരത്തിൽ ഇത് നടപ്പാക്കുന്നത് ആശങ്കപ്പെടുത്തുന്നതാണ്. സ്വകാര്യ കമ്പനികളെ സഹായിക്കുന്നതിന് തുല്യമാണിത്. തീരുമാനം പുന:പരിശോധിച്ചു പഴയ സമയം നിലനിറുത്തണം.

കെ.കെ. ഇബ്രാഹിംകുട്ടി

ജില്ലാ പ്രസിഡന്റ്

ഐ.എൻ.ടി.യു.സി