പെരുമ്പാവൂർ: നൂതന പദ്ധതികൾ ആവിഷ്‌കരിച്ച് കുറുപ്പംപടിയിലെ ഗവ. റീജിയണൽ പൗൾട്രി ഫാം വിപുലീകരിക്കണമെന്ന് കോഴികർഷകർ ആവശ്യപ്പെട്ടു. ഇവിടെ ഇപ്പോൾ മുട്ടക്കോഴികളുടെ പരിചരണം മാത്രമാണ് നടക്കുന്നത്. ഇൻക്യുബേറ്ററും മറ്റെല്ലാ സൗകര്യങ്ങളുമുള്ള ഇവിടെ വെറ്ററിനറി ഡോക്ടറുമുണ്ട്. ഏക്കറുകണക്കിന് വിസ്തൃതിയിൽ സ്ഥലസൗകര്യവുമുണ്ട്. ഇത്തരം അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ഇവിടെ ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് കോഴിക്കർഷകർ ചൂണ്ടിക്കാട്ടുന്നു.
നിരവധി കോഴി കർഷകരാണ് ജില്ലയിലുള്ളത്. ഇവർ ഇപ്പോൾ കോഴിക്കുഞ്ഞുങ്ങൾക്കായി ആശ്രയിക്കുന്നത് സ്വകാര്യ ഹാച്ചറികളേയാണ്. ഇവിടങ്ങളിൽ കൂടുതൽ വിലയും കൊടുക്കണം. കോഴിക്കുഞ്ഞുങ്ങളെ ലഭിക്കാൻ കാലതാമസവുമെടുക്കുമെന്ന് കോഴിക്കർഷകർ പറയുന്നു.