ലണ്ടൻ: ക്രിക്കറ്റ് ലോകത്തിന്റെ കണ്ണും കാതും ഇംഗ്ലണ്ടിലേക്ക് ചുരുങ്ങാൻ ഇനി നിമിഷങ്ങൾ മാത്രം. ഐ.സി.സി ലോകകപ്പ് മഹാ മാമാങ്കത്തിന് ഇന്ന് ഓവലിൽ തുടക്കമാകും. ആദ്യ മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടും കരുത്തരായ ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. പിന്നീടുള്ള ഒന്നരമാസം ഏകദിന ക്രിക്കറ്റിന്റെ പുതിയ കിരീട അവകാശികൾക്കായുള്ള കാത്തിരിപ്പ്.
ഇന്ന് വൈകിട്ട് മൂന്നു മണിക്കാണ് ആദ്യ മത്സരം. കിരീട ഫേവറിറ്റുകളില്ലെങ്കിലും കൂടുതൽ സാദ്ധ്യത കൽപ്പിക്കുന്ന ടീമാണ് ഇംഗ്ലണ്ട്. സൂപ്പർ താരനിരയുമായാണ് ദക്ഷിണാഫ്രിക്കയുടെ വരവ്. തോൽക്കാൻ മനസില്ലാത്ത ഇരുടീമുകളും കൊമ്പുകോർക്കുമ്പോൾ ഓവലിൽ തീപാറുമെന്ന് ഉറപ്പാണ്. ഇന്ത്യക്ക് ജൂൺ അഞ്ചിന് ദക്ഷിണാഫ്രിക്കയുമായാണ് ആദ്യ മത്സരം.
ജൂലൈ 14നാണ് ഫൈനൽ. ആകെ 48 മത്സരങ്ങളാണ്. ഇക്കുറി റൗണ്ട് റോബിൻ ടൂർണമെന്റാണ്. പത്ത് ടീമുകളിലെ മികച്ച നാല് സ്ഥാനക്കാർ സെമിയിൽ കടക്കും. ഇന്ത്യ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ്, ഇംഗ്ലണ്ട്, പാകിസ്ഥാൻ, വെസ്റ്റിൻഡീസ്, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ ടീമുകളാണ് ഈ ലോകകപ്പിൽ മാറ്റുരയ്ക്കുന്നത്.