anganvadi
കുമ്പളം പഞ്ചായത്തിലെ പനങ്ങാട് 8-ാംവാർഡിൽചരിഞ്ഞുപോയ 90-ാംനമ്പർ അംഗൻവാടി കെട്ടിടം

പനങ്ങാട്: എല്ലാ അംഗൻവാടികളും ആഹ്ളാദത്തോടെ ഇന്ന് പ്രവേശനോത്സവം കൊണ്ടാടുമ്പോൾ പനങ്ങാട് എട്ടാം വാർഡിലെ 90-ാം നമ്പർ അംഗൻവാടി ഉപയോഗശൂന്യമായി നിൽക്കാൻ തുടങ്ങിയിട്ട് ഒരുവർഷമാകാറായി. നിർമ്മാണപ്പിഴവ് മൂലം ചരി‌ഞ്ഞുപോയ അംഗൻവാടി ഇന്നും അതേപടി നിൽക്കുകയാണ്. ഇത്രയും കാലം പിന്നിട്ടിട്ടും കെട്ടിടം പുനർനിർമ്മിക്കുകയോ നഷ്ടപരിഹാരം ഈടാക്കുകയോ ചെയ്തിട്ടില്ല.

പനങ്ങാട് ഒല്ലാരിൽ റോഡിൽ 29.60 ചതുരശ്രമീറ്റർ ചുറ്റളവിലുള്ള കെട്ടിടം 2015 സെപ്തംബർ 25ന് ഉദ്ഘാടനം ചെയ്തു. 2018 ജൂലായിൽ കെട്ടിടം ചരിഞ്ഞുതുടങ്ങിയതോടെ കെട്ടിടം ഉപയോഗയോഗ്യമല്ലെന്ന് പഞ്ചായത്ത്എൻജിനീയർ സാക്ഷ്യപ്പെടുത്തിയ സാഹചര്യത്തിൽ ഇവിടത്തെ കുട്ടികളെ ഒന്നര കിലോ മീറ്ററോളം ദൂരെയുള്ള ഇതേ വാർഡിൽത്തന്നെയുള്ള വാടകക്കെട്ടിടത്തിലേക്ക് താത്കാലികമായി മാറ്റിയിരുന്നു.

എന്നാൽ ദൂരക്കൂടുതൽ കാരണം പുതിയ അദ്ധ്യയനവർഷം പ്രദേശത്തുള്ള കുട്ടികളെ തൊട്ടടുത്ത വാർഡിലെ അംഗൻവാടിയിൽ ചേർക്കാനാണ് മാതാപിതാക്കൾ താത്പര്യപ്പെടുന്നത്.

പനങ്ങാട് ഹൈസ്കൂൾ മാനേജർ ലീലാ ഗോപിനാഥമേനോൻ സൗജന്യമായി നൽകിയ 3സെന്റ് ഭൂമിയിൽ മുൻമന്ത്രി കെ. ബാബുവിന്റെ ശ്രമഫലമായി ഫിഷറീസ് വകുപ്പിന്റെ 10 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്.

സേവനം നഷ്ടപ്പെടുന്നു

കുട്ടികൾക്ക് അമൃതംപൊടി, പാലൂട്ടുന്ന അമ്മമാർക്കും ഗർഭിണികൾക്കും ഭക്ഷണം എന്നിവ ദിവസേന അംഗൻവാടികളിൽ വിതരണം ഉണ്ട്. കൗമാരക്കാർക്ക് ദിവസേന ഉപ്പുമാവും ഉണ്ട്. എന്നാൽ സർക്കാർ നൽകുന്ന ഇത്തരം സേവനങ്ങൾ അർഹതപ്പെട്ടവർക്ക് ലഭ്യമാക്കുന്നതിന് സുരക്ഷിതമായ കെട്ടിടം ഒരുക്കുന്നകാര്യത്തിൽ ഇനിയും അധികൃതർ താത്പര്യം കാണിക്കാത്തതിൽ നാട്ടുകാർക്കും രക്ഷിതാക്കൾക്കും പ്രതിഷേധമുണ്ട്.

പരാതി നൽകിയിട്ടും

നടപടിയില്ല

പ്രദേശത്തുളള ചരിഞ്ഞകെട്ടിടം വീണ്ടും പ്രവർത്തനയോഗ്യമാക്കുന്നതിന് ഫിഷറീസ് വകുപ്പിനും തീരദേശ വികസന കോർപ്പറേഷൻ തുടങ്ങി ബന്ധപ്പെട്ട അധികൃതർക്കും നിരവധി പരാതികൾ നൽകിയെങ്കിലും ഇതുവരെ നടപടിയെടുത്തിട്ടില്ല.

രാജേശ്വരി സത്യൻ

പഞ്ചായത്ത് അംഗം