കൊച്ചി: കല്ലുമ്മക്കായ കൃഷിയിലൂടെ നേട്ടം കൊയ്ത് കർഷകസംഘങ്ങൾ.കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ കനത്ത നഷ്ടം നേരിട്ടതിന് ശേഷം നടന്ന ആദ്യ വിളവെടുപ്പാണിത്. മൂത്തകുന്നത്ത് അഞ്ച് കർഷക സംഘങ്ങളാണ് നേട്ടം കൊയ്തത്. ഭൂരിഭാഗവും സ്ത്രീകളാണ്.
കഴിഞ്ഞ ജനുവരിയിൽ തുടങ്ങിയതാണ് കൃഷി. അഞ്ച് മാസത്തിന് ശേഷമാണ് വിളവെടുപ്പ് നടത്തിയത്. അഞ്ച് മീറ്റർ നീളവും വീതിയുമുള്ള മുള കൊണ്ട് നിർമിച്ച അഞ്ച് കൃഷിയിടങ്ങളിലാണ് കൃഷിയിറക്കിയത്. മൊത്തം 6.5 ടൺ കല്ലുമ്മക്കായയാണ് ലഭിച്ചത്. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ കടൽമുരിങ്ങ കൃഷി പൂർണമായും നശിച്ചിരുന്നു. പ്രളയാനന്തരം കായൽ ജൈവഘടനയിൽ വന്ന മാറ്റം കല്ലുമ്മക്കായ കൃഷിയെ ബാധിക്കുമോയെന്ന ആശങ്കയുണ്ടായിരുന്നു. മികച്ച വിളവെടുപ്പ് ലഭിച്ചതിലൂടെ പ്രളയത്തിലെ നഷ്ടം ചെറിയ തോതിലെങ്കിലും നികത്താനാകുമെന്ന പ്രതീക്ഷയിലാണ് കർഷക സംഘങ്ങൾ.
സി.എം.എഫ്.ആർ.ഐയുടെ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കർഷക സംഘങ്ങൾ കൃഷിയിറക്കിയത്. സി.എം.എഫ്.ആർ.ഐയിലെ മൊളസ്‌കൻ ഫിഷറീസ് ഡിവിഷനാണ് കൃഷിക്ക് ആവശ്യമായ നിർദേശങ്ങൾ നൽകിയത്. വശാസ്ത്രീയ ശുദ്ധീകരണ പ്രക്രിയയ്ക്ക് ശേഷമാണ് കല്ലുമ്മക്കായ വില്പന നടത്തുന്നത്.
പോഷക സമ്പുഷ്ടം
ഏറെ ഔഷധമൂല്യമുള്ളതും കുട്ടികളുടെ ബുദ്ധിവളർച്ചയ്ക്ക് ഏറ്റവും ആവശ്യമുള്ളതുമായ ഒമേഗ 3 ഫാറ്റി ആസിഡിനാൽ സമ്പുഷ്ടമാണ് കല്ലുമ്മക്കായ. അത്യപൂർവമായ ധാതുലവണമായ സെലീനിയം, സിങ്ക്, കാത്സ്യം, അയേൺ, ഫോസ്ഫറസ്, സോഡിയം, പൊട്ടാസ്യം, മഗ്‌നീഷ്യം, കോപ്പർ, തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്.
ശുദ്ധീകരിച്ച ശേഷം തോട് കളഞ്ഞ കല്ലുമ്മക്കായ പൊതുജനങ്ങൾക്ക് സി.എം.എഫ്.ആർ.ഐയിലെ കാർഷിക സാങ്കേതികവിദ്യാ വിവരണ കേന്ദ്രത്തിൽ (ആറ്റിക്) നിന്ന് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10നും വൈകീട്ട് നാലിനുമിടയിൽ വാങ്ങാം. 250 ഗ്രാം പായ്ക്കറ്റിന് 175 രൂപയാണ് വില. ഫോൺ: 0484 2394867 (എക്സ്റ്റൻഷൻ 406)