മൂവാറ്റുപുഴ: മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാൻ കർമ്മ പദ്ധതിയുമായി ബ്ലോക്ക് പഞ്ചായത്തും ആരോഗ്യ വകുപ്പും സജീവമായി. മുഴുവൻ വാർഡുകളിലും അടിസ്ഥാന വിവര ശേഖരണം നടത്തി. ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് തലങ്ങളിലും വാർഡ് തലങ്ങളിലും അവലോകന യോഗങ്ങൾ ചേർന്നു. വാർഡ് തലങ്ങളിൽ സന്നദ്ധ സംഘടനകളെ ഉൾപ്പെടുത്തി ശുചിത്വ പോഷണ സമിതികൾ സജീവമാക്കി. ബ്ലോക്ക് പരിധിയിൽ പി.എച്ച്.സികൾ കേന്ദ്രീകരിച്ച് മെഡിക്കൽ ടീമുകളെ സജ്ജമാക്കി. 50 വീടിന് രണ്ടുപേർ എന്ന കണക്കിൽ ആരോഗ്യസേന രൂപീകരിച്ചു. കുടുംബശ്രീ ,ആശ, തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിശീലനം നൽകി.
ജനുവരിയിൽത്തന്നെ പഞ്ചായത്തുകളിലെ പൊതു ഇടങ്ങളിൽ ഒരു വട്ടം ശുചീകരണം പൂർത്തിയാക്കിയിരുന്നു. തുടർന്ന് ഗൃഹസന്ദർശനം നടത്തി ആരോഗ്യ ജാഗ്രതാസന്ദേശം നൽകി. ഉറവിട നശീകരണ പ്രവർത്തനങ്ങൾ, ഓട, കനാൽ ശുചീകരണം എന്നിവയും നടന്നു. ആഴ്ചയിൽ ഒരു ദിവസം ഡ്രൈഡേ ആചരിക്കുകയും ഉറവിട നശീകരണ പ്രവർത്തനങ്ങൾ സജീവമാക്കുകയും ചെയ്തു.
*വിവര വിനിമയ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ
406 ആരോഗ്യ ബോധവത്കരണ ക്ലാസുകൾ, 184 മാതൃസംഗമം, 2308 ഗ്രൂപ്പ് സംവാദങ്ങൾ എന്നിവയും 11,151 കുടിവെള്ള സ്രോതസുകളിൽ ക്ലോറിനേഷനും നടത്തി. ഗ്രീൻ പ്രോട്ടോക്കോൾ പ്രവർത്തനങ്ങളും സജീവമാണ്. ജല ദൗർലഭ്യമുള്ള സ്ഥലങ്ങളിൽ ഡെങ്കിപ്പനി- വയറിളക്ക പ്രതിരോധ പ്രവർത്തനങ്ങളും നടന്നുവരുന്നു
മഴക്കാലപൂർവ ശുചീകരണം സജീവമായി നടന്നു. ഹെപ്പറ്ററ്റിസ് ബി റിപ്പോർട്ട് ചെയ്ത പഞ്ചായത്തുകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി. സംശയം തോന്നിയ 29 പേരുടെ രക്തസാമ്പിളുകൾ ശേഖരിച്ചെങ്കിലും പരിശോധനയിൽ ആർക്കും രോഗം കണ്ടെത്തിയില്ല. സ്കൂൾ തുറക്കുന്നതിന് മുമ്പേ അവിടങ്ങളിലെ കുടിവെള്ള സ്രോതസുകൾ ശുചീകരിക്കുന്ന തിരക്കിലാണ് ആരോഗ്യ പ്രവർത്തകർ. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോളി വട്ടക്കുഴി, വൈസ് പ്രസിഡന്റ് സുഭാഷ് കടക്കോട്, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ജെസി ജോളി, ബി.ഡി.ഒ എം.എസ്.സഹിത, മെഡിക്കൽ ഓഫീസർ ഡോ. ആർ.ഇന്ദു, ഹെൽത്ത് സൂപ്പർവൈസർ എം.കെ അസൈനാർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നു.