മൂവാറ്റുപുഴ: എൻജിനീയറിംഗ് വിഭാഗത്തിന്റെ പ്രവർത്തന സ്തംഭനത്തിനെതിരെ മൂവാറ്റുപുഴ നഗരസഭാ കൗൺസിൽ യോഗത്തിൽ ബഹളം. മാസങ്ങളായി എൻജിനീയറിംഗ് സെക്ഷനിൽ ഒരു കാര്യവും നടക്കുന്നില്ലെന്ന് പ്രതിപക്ഷത്തെ കെ.എ.അബ്ദുൽ സലാമും സി.എം. ഷുക്കൂറും പരാതിപ്പെട്ടു. ഇവിടെ നിന്ന് നൽകേണ്ട സേവനങ്ങളൊന്നും ചെയ്തുകൊടുക്കാതെ ജനങ്ങളെ വലക്കുന്ന നടപടിയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ബിൽഡിംഗ് പെർമിറ്റിന് അപേക്ഷ നൽകി ജനങ്ങൾ ഓഫീസ് കയറി ഇറങ്ങിയിട്ടും നടപടി ഇല്ല. എം.പി.ഫണ്ട് ഉപയോഗിച്ച് കച്ചേരിത്താഴത്ത് നിർമിച്ച വെയിറ്റിംഗ് ഷെഡിന്റെ അഴിമതി സംബന്ധിച്ച് സെക്രട്ടറി സർക്കാരിലേക്ക് കത്തെഴുതിയതിനെ തുടർന്നാണ് എൻജിനിയറിംഗ് വിഭാഗം നിസഹകരണം ആരംഭിച്ചത് .പ്രശ്‌നം രൂക്ഷമായതോടെ സെക്രട്ടറി നിലവിലുള്ള ചില ഉദ്യോഗസ്ഥരെ തൽസ്ഥാനത്തു നിന്നും മാറ്റി ഭരണസ്തംഭനമൊഴിവാക്കാൻ ശ്രമിച്ചെങ്കിലും ഉത്തരവ് അനുസരിക്കാൻ പോലും എൻജിനീയറിംഗ് വിഭാഗം തയ്യാറായിട്ടില്ലെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി .ഇതോടെ ഭരണപക്ഷവും പ്രതിപക്ഷവും യോജിച്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബഹളം വയ്ക്കുകയായിരുന്നു. ബഹളം നിയന്ത്രാണാതമായതോടെ ഉടൻ നടപടി ഉണ്ടാകുമെന്ന് കൗൺസിൽ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച വൈസ് ചെയർമാൻ പി.കെ. ബാബുരാജ് ഉറപ്പു നൽകിയതോടെയാണ് രംഗം ശാന്തമായത്.