കൊച്ചി: നഗരത്തിലെ വാണിജ്യ കേന്ദ്രമായ ബ്രോഡ്‌വേയിലെ അനധികൃത നിർമ്മാണങ്ങൾ കോർപ്പറേഷൻ പൊളിച്ചുമാറ്റി. മേയർ സൗമിനി ജെയിനിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെപത്തരയോടെയാണ് പൊളിച്ചുമാറ്റൽ ആരംഭിച്ചത്. ബ്രോഡ് വേയിലെ ക്ലോത്ത് ബസാറിൽ തിങ്കളാഴ്ചയുണ്ടായ വൻ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ബ്രോഡ്‌വേയിൽ തീപിടിത്തമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ നൽകിയ റിപ്പോർട്ടിൽ ഫയർഫോഴ്‌സ് മുന്നറിയിപ്പ് നൽകിയിട്ടും കോർപ്പറേഷൻ അധികൃതരും ജില്ല ഭരണകൂടവും അവഗണിച്ചതായി ആക്ഷേപം ഉയർന്നിരുന്നു. അനധികൃത നിർമ്മാണങ്ങളും പാർക്കിംഗും രക്ഷാപ്രവർത്തനത്തെ ബാധിക്കുമെന്ന മുന്നറിയിപ്പ് യാഥാർത്ഥ്യമായതോടെയാണ് കോർപ്പറേഷൻ അധികൃതർ ഉറക്കത്തിൽ നിന്നുണർന്നത്. ഇനി ഇത്തരമൊരു സാഹചര്യമുണ്ടായാൽ വൻദുരന്തം നേരിടേണ്ടി വരുമെന്ന് ബോദ്ധ്യമായതിനാലാണ് കർശന നിലപാടിലേക്ക് നീങ്ങുന്നതെന്ന് അധികൃതർ വ്യക്തമാക്കി.സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ എ.ബി സാബു, ഷൈനി മാത്യു, പി.എം.ഹാരിസ് എന്നിവരും ഉദ്യോഗസ്ഥരും ഹെൽത്ത് ഇൻസ്‌പെക്ടർമാരും ഉൾപ്പെടുന്ന സംഘമാണ് അനധികൃത നിർമ്മാണങ്ങൾ പൊളിക്കുന്നതിന് നേതൃത്വം നൽകിയത്.
പൊളിച്ചുമാറ്റിയ സാധനങ്ങൾ കോർപ്പറേഷൻ ജീവനക്കാർ വാഹനങ്ങളിൽ കയറ്റികൊണ്ടുപോയി. വ്യാപാരികളിൽ പലരും കുറച്ച് ദിവസം സമയം തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുമാറ്റുമെന്ന തീരുമാനത്തിൽ അധികൃതർ ഉറച്ചുനിന്നു . ഇത് കച്ചവടക്കാരുടെയും പൊതുസമൂഹത്തിന്റെയും സുരക്ഷയ്ക്ക് വേണ്ടിയുള്ള നടപടിയാണെന്ന് മേയർ പറഞ്ഞു. നിരത്തിലേക്ക് ഇറക്കിവച്ച് കച്ചവടം നടത്തിയിരുന്നവരോട് എത്രയും വേഗം മാറ്റണമെന്ന് ആവശ്യപ്പെടുകയും എല്ലാം നീക്കുകയും ചെയ്തു.
# ബോർഡുകൾ നടപ്പാതയിൽ
ബ്രോഡ് വേയുടെ തെക്കേ അറ്റത്ത് നിന്നും ആരംഭിച്ച നടപടി മുഴുവൻ കടകളിലേക്കും നീണ്ടു. ഭൂരിഭാഗം കടകളുടെയും ബോർഡുകളും മറ്റ് നിർമ്മാണങ്ങളും നടപ്പാതയിലേക്ക് കയറിയ നിലയിലായിരുന്നു. അനുവദിച്ച സ്ഥലത്തേക്കാൾ കൂടുതൽ കൈയേറിയ കടകളുടെ ഭാഗങ്ങൾ പിന്നിലേക്ക് നീക്കി. ചുറ്റിക ഉപയോഗിച്ച് പൊളിക്കുകയും വെൽഡിംഗ് കട്ടറുപയോഗിച്ച് അറുത്ത് മാറ്റുകയും ചെയ്തു. വിൽപനക്കുള്ള സാധനങ്ങൾ ഫുട്പാത്തിലേക്കും വഴിയിലേക്കും പ്രദർശിപ്പിച്ചിരുന്നതും നീക്കം ചെയ്തു. വഴിയോരത്തെ അനധികൃത കച്ചവടക്കാരെയും ഒഴിപ്പിച്ചു. ബ്രോഡ് വേയുടെ ഉള്ളിലൂടെയുള്ള വഴികളിലെ ചില ഭാഗങ്ങളിൽ പൂർണ്ണമായും കച്ചവട സാധനങ്ങൾ നിരത്തിയ നിലയിലായിരുന്നു. ഇവയെല്ലാം എടുത്തുമാറ്റി.