ആലുവ: വൈ.എം.സി.എ പ്രസ്ഥാനം ആരംഭിച്ചിട്ട് 175 വർഷം തികയുന്നതിന്റെ ഭാഗമായി സൗത്ത് വെസ്റ്റ് ഇന്ത്യാ റീജിയന്റെ ആഭിമുഖ്യത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതോത്തര പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് ജൂൺ ഒന്നിന് ആലുവ തോട്ടുമുഖം വൈ.എം.സി.എ ക്യാമ്പ് സെന്ററിൽ തുടക്കമാകുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ആഘോഷത്തോടനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളിലായി നിരവധി പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.
സംസ്ഥാന തല ഉദ്ഘാടനം ഒന്നിന് വൈകിട്ട് 3.30ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ചെയർപേഴ്‌സൺ കുമാരി കുര്യാസ് അദ്ധ്യക്ഷത വഹിക്കും. കൽദായ സഭ അദ്ധ്യക്ഷൻ ഡോ.മാർ അപ്രേം അനുഗ്രഹ സന്ദേശവും എം.ജി സർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് സ്ഥാപകദിന സന്ദേശവും നൽകും. ഡോ. ലെബി ഫിലിപ്പ് മാത്യു ചാരിറ്റി പദ്ധതികളുടെ ഉദ്ഘാടനവും അൻവർ സാദത്ത് എം.എൽ.എ സ്‌പോർട്‌സ് കിറ്റുകളുടെ വിതരണവും കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ് വിദ്യാഭ്യാസ സഹായ വിതരണവും നിർവഹിക്കും.
ജൂൺ അഞ്ചിന് വൈ.എം.സി.എ സമർപ്പണ ദിനമായി ആചരിക്കും. വൈകിട്ട് 4.30ന് കോട്ടയം വൈ.എം.സി.എ ഹാളിൽ സമർപ്പണ ദിനാചരണവും സ്‌തോത്രശുശ്രൂഷയും നടക്കും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. നിർദ്ധനരായ പതിനായിരം വിദ്യാർത്ഥികൾക്ക് പഠനസഹായം നൽകുന്ന 'വിദ്യാജ്യോതി' പദ്ധതി ആറിന് കാക്കനാട് ചിൽഡ്രൻസ് ഹോമിൽ കാത്തലിക് ബിഷപ്പ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യാ വൈസ് പ്രസിഡന്റ് ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്യും.
ജൂബിലിയുടെ ഭാഗമായി ഗ്രാമീണ സ്‌പോർട്‌സ് പരിശീലന പദ്ധതി ഏഴിന് കോഴിക്കോട് വെറ്റിലപ്പാറയിൽ താമരശേരി രൂപതാദ്ധ്യക്ഷൻ ഡോ.റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്യും. ഒമ്പതിന് ഹോസ്ദുർഗിൽ നിർദ്ധനരായ രോഗികൾക്കായി ആരോഗ്യജീവന പദ്ധതി ഉദ്ഘാടനം ചെയ്യും.
സ്വാഗതസംഘം ചെയർമാൻ ലെബി ഫിലിപ്പ് മാത്യു, റീജിയണൽ ചെയർപേഴ്‌സൺ കുമാരി കുര്യാസ് , പ്രൊഫ.ഡോ. രാജൻ ജോർജ് പണിക്കർ, എൻ.ടി. ജേക്കബ്, എജി എബ്രഹാം, പ്രൊഫ. ജോയ് സി. ജോർജ്, പോൾസൺ തോമസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.