വൈപ്പിൻ: സാമൂഹ്യപരിഷ്‌കർത്താവായ സഹോദരൻ അയ്യപ്പൻ ജാതീയ അനാചാരങ്ങൾക്കെതിരെ ജന്മദേശമായ ചെറായിയിൽ 102 വർഷം മുൻപ് സംഘടിപ്പിച്ച മിശ്രഭോജനത്തിന്റെ വാർഷികം സഹോദരന്റെ ജന്മഗൃഹത്തിൽ ഇന്ന് ആഘോഷിക്കും. മിശ്രഭോജനം നടത്തിയ ചെറായി തുണ്ടിടപ്പറമ്പിൽ രാവിലെ 9.30 ന് വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ കെ ജോഷി തെളിക്കുന്ന ദീപശിഖ അഭിജിത്ത് ഉണ്ണി ഏറ്റുവാങ്ങി ജന്മഗൃഹത്തിലെത്തിക്കും. തുടർന്ന് ജന്മഗൃഹത്തിൽ നടക്കുന്ന സമ്മേളനം ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും. എസ് ശർമ്മ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സഹോദരൻ അയ്യപ്പൻ സ്മാരക കമ്മിറ്റി ചെയർമാൻ പ്രൊഫ. എം.കെ. സാനു മിശ്രഭോജന സ്മൃതി പ്രഭാഷണം നടത്തും.
ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദ് ഇമാം സൈഫുദ്ദീൻ അൽഖാസിമി, ചെറായി സെന്റ് മേരീസ് പള്ളി വികാരി ഫാ. ടുബി ഇടമറുക് തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് മിശ്രഭോജനത്തെ അനുസ്മരിപ്പിച്ചുകൊണ്ടുള്ള സമൂഹസദ്യയും നടത്തും.
സ്മാരകം വൈസ് ചെയർമാൻ സിപ്പി പള്ളിപ്പുറം, സെക്രട്ടറി മയ്യാറ്റിൽ സത്യൻ, ജോ.സെക്രട്ടറി ഒ.കെ. കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകും.