reveneu-area-
തിടമില്ലുകളിൽ സ്റ്റോക്കെടുപ്പില്ല

കാലടി: തടിമില്ലുകളിൽ സ്റ്റോക്ക് പരിശോധന നടത്താതെ വനം വകുപ്പ് നോക്ക് കുത്തിയാവുമ്പോൾ തടിമില്ലുടമകൾ സാധാരണക്കാരെ പറ്റിച്ചുകൊണ്ട് വൻസാമ്പത്തിക തട്ടിപ്പ് നടത്തുന്നു. മില്ലുടമകൾ എല്ലാ മാസവും ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റ് ഓഫീസിലെത്തി രേഖകൾ കാണിച്ച് മടങ്ങുന്നതല്ലാതെ വനം വകുപ്പ് കൃത്യമായ പരിശോധനക്ക് തയ്യാറാവുന്നില്ല.പാലക്കാട്, തൃശൂർ, തൊടുപുഴ തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് ഇടനിലക്കാർ വഴി രേഖകളില്ളാതെ മരങ്ങൾ വാങ്ങി മില്ലുടമകൾ സ്റ്റോക്ക് ചെയ്യുന്നുണ്ട്.ഇത്തരത്തിൽ എത്തുന്ന മരങ്ങൾ വലിയ വിലയ്ക്കാണ് വിൽക്കുന്നത്. മില്ലുകളിൽ തടിയുടെ അളവിലും വൻ തട്ടിപ്പാണ് ഉടമകൾ നടത്തുന്നത്.സാധാരണക്കാരന് വീട് വയ്ക്കാൻ ലക്ഷക്കണക്കിന് രൂപയാണ് ചിലവാകുന്നത്. അടിസ്ഥാനപരമായ വിവരങ്ങൾ സാധരണക്കാരന് അറിയില്ലാത്തത് കൊണ്ട് ഈ മേഖലയിൽ വൻ സാമ്പത്തിക തട്ടിപ്പാണ് നടക്കുന്നത്. സർക്കാർ ഡിപ്പോകളിൽ നിന്ന് തടികൾ വാങ്ങുന്നത് പ്രയാസമായതിനാൽ സാധാരണ ജനങ്ങൾ സ്വകാര്യ മില്ലുകളെയാണ് ആശ്രയിക്കുന്നത്. മാർക്കറ്റിൽ വില പിടിപ്പുള്ള വൻ തേക്ക്, ചെറുതേക്ക്, തമ്പകം, ഇരുമുള്ള്, വീട്ടി തുടങ്ങിയ മരങ്ങൾ ഇടത്തട്ട്കാർക്ക് പോലും അപ്രാപ്യമാണ്. എന്നാൽ ഇറക്കുമതി ചെയ്യുന്ന കടുപ്പം കുറഞ്ഞ മരങ്ങൾക്ക് വില കുറവാണെങ്കിലും ഉടമകൾ വൻ വിലയാണ് ഈടാക്കുന്നത്. മറ്റൊരു തട്ടിപ്പ് മരം അറത്തെടുക്കുന്ന രീതിയിലാണ്. തടി വ്യാപാര രംഗത്തുള്ളവർ ഒറ്റക്കെട്ടായ് നിൽക്കുകയും, ആവശ്യക്കാരെത്തുമ്പോൾ നിയന്ത്രണമില്ലാത്ത വിലകളിലൂടെയും, വാചക കസർത്തിലൂടെയുമാണ് കച്ചവടം കൊഴുപ്പിക്കുന്നത്.ഈ രംഗത്ത് സർക്കാർ തലത്തിൽ ശക്തമായ നിയമ നടപടികൾ കൊണ്ട് വരേണ്ടത് ആവശ്യമാണ്.

തടി മില്ലുടമകൾ നടപ്പിലാക്കേണ്ടവ

വിലവിവരപ്പട്ടിക പ്രദർശിപ്പിക്കുക,അളവിലും , മരം അറക്കലിലും വ്യക്തത പാലിക്കുക,​ മരങ്ങളുടെ ഗുണ നിലവാരവും, ഇനവും വ്യക്തമാക്കുന്ന ബ്രോഷറുകൾ തയ്യാറാക്കുക. വില ഏകീകരണം നടപ്പിലാക്കുക. തുടങ്ങിയ കാര്യങ്ങൾ തടി വ്യാപാരത്തിൽ നടപ്പിലാക്കേണ്ടതുണ്ട്.

തടിമില്ലുകളിൽ പരിശോധന നടത്താതെ വനം വകുപ്പ്

തടിമില്ലുകളിൽ സ്റ്റോക്ക് പരിശോധന നടത്താതെ വനം വകുപ്പ് അധികൃതർ അലംഭാവം കാണിക്കുന്നതായി പരാതി. പ്രദേശത്തെ ഇരുപതോളം വരുന്ന തടി മില്ലുകളിൽ ഇറക്കുമതി ചെയ്ത തടികളും, നാടൻമരങ്ങളും വൻതോതിലാണ് സൂക്ഷിച്ചിട്ടുള്ളത്. എല്ലാമാസവും തടിമില്ലുകളിൽ ഉദ്യോഗസ്ഥരെത്തി തടിയുടെ സ്റ്റോക്ക് വിവരങ്ങളും ആദായ നികുതി രേഖകളും പരിശോധിക്കണമെന്നാണ് നിയമം. വർഷങ്ങളായി ഇത്തരത്തിലുള്ള സ്റ്റോക്കെടുപ്പ് എങ്ങും നടക്കുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്.