നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് സമീപം കാറുകൾ മത്സരിച്ചോടിയതിനെ തുടർന്ന് കൂട്ടിയിടിച്ച് മറിഞ്ഞ് രണ്ട് പേർക്ക് ഗുരുതര പരിക്ക്. പെരുമ്പാവൂർ വല്ലം സ്വദേശി അമീർ സുഹൈൽ (27), എൻ.എ.ഡി കോമ്പാറ സ്വദേശി മുസാഫിർ (28) എന്നിവർക്കാ ഗുരുതരമായി പരിക്കേറ്റത്. ഇവരെ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച്ച രാത്രി 11.30ഓടെ ആവണംകോട് സരസ്വതി ക്ഷേത്രത്തിന് മുമ്പിലായിരുന്നു അപകടം. ഇരുകാറുകളും വിമാനത്താവളത്തിൽ യാത്രക്കാരെ ഇറക്കിയ ശേഷം മടങ്ങുകയായിരുന്നു. കൂട്ടിയിടിച്ചതിനെ തുടർന്ന് ഒരു കാർ തലകീഴായി മറിഞ്ഞ് സമീപത്തെ വള്ളിക്കുന്നത്ത് ബാബുവിന്റെ ദുർഗാദേവി ടി ഷോപ്പ് തകർത്താണ് നിന്നത്. രാത്രിയായതിനിൽ കടയിൽ ആളില്ലാതിരുന്നതും വലിയ അപകടം ഒഴിവാക്കി. നെടുമ്പാശേരി പൊലീസ് കേസെടുത്തു.