accident
പനയക്കടവ് പുതിയപാലം മംഗലപ്പുഴ റോഡിൽ പഴയ ഓട്ട് കമ്പനിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങ് കത്തി 11 കെ.വി ലൈനിൽ വീണ നിലയിൽ.

നെടുമ്പാശേരി: ശക്തമായ കാറ്റിലും, മഴയിലും, ഇടി മിന്നലിലും ചെങ്ങമനാട്, നെടുമ്പാശ്ശേരി മേഖലയിൽ വ്യാപക നാശം. മുക്കാൽ മണിക്കൂറോളം നീണ്ട ശക്തമായ കാറ്റും, മഴയുമാണ് നാശം വിതച്ചത്.
വടവൃക്ഷങ്ങൾ കടപുഴകി വീണു. വ്യാപക കൃഷി നാശം, മിന്നലിൽ പലയിടത്തും വൈദ്യുതി ഉപകരണങ്ങൾ കത്തി നശിച്ചു. വൈദ്യുതി പോസ്റ്റുകൾക്കും, ലൈനുകൾക്കും കേട് പാടുകൾ സംഭവിച്ചു. പലയിടത്തും വൈദ്യുതി ബന്ധം താറുമാറായി. പനയക്കടവ് പുതിയപാലം മംഗലപ്പുഴ റോഡിൽ പഴയ ഓട്ട് കമ്പനിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങ് കത്തി 11 കെ.വി ലൈനിൽ വീണ് വൈദ്യുതി ബന്ധം തകരാറിലായി.മേഖലയിൽ പലയിടത്തും വൈദ്യുതി ബന്ധം തകർന്നതോടെ അർധരാത്രി മുതൽ അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയർ മിനി, അസി.എഞ്ചിനീയർ രാജേഷ്, സബ് എഞ്ചിനീയർ അബ്ദുറസാഖ് എന്നിവരുടെ നേതൃത്വത്തിൽ 10ലേറെ വൈദ്യുതി ജീവനക്കാർ യുദ്ധകാലടിസ്ഥാനത്തിൽ തകരാർ പരിഹരിക്കാൻ രംഗത്ത് വന്നു. ബുധനാഴ്ച വൈകുന്നേരത്തോടെ തകരാറുകൾ പൂർണമായും പരിഹരിച്ച് വൈദ്യുതി പുന:സ്ഥാപിക്കുകയായിരുന്നു.

പാലപ്രശ്ശേരിയിൽ ശ്രീകൃഷ്ണ ഓട്ട് കമ്പനിക്ക് സമീപം വിവിധ ഭാഗങ്ങളിൽ മരങ്ങൾ വീണ് വൈദ്യുതി പോസ്റ്റുകളും, ലൈനുകളും തകർന്നു.

ചുങ്കം ഭാഗത്ത് 11 കെ.വി.ലൈനിൻെറ ഡിസ്‌ക് കത്തി നശിച്ചു. പൊയ്ക്കാട്ടുശ്ശേരി, മേക്കാട് ഭാഗങ്ങളിലും മരങ്ങൾ കടപുഴകി വീണു. വിവിധ ഭാഗങ്ങളിൽ ഫാൻ, വാഷിങ് മെഷിൻ, ടെലിവിഷൻ, റഫ്രിജേറ്റർ, കമ്പ്യൂട്ടർ അടക്കമുള്ള വൈദ്യു തി ഉപകരണങ്ങളും ശക്തമായ മിന്നലിൽ കത്തി നശിച്ചു.