ആലുവ: എടയാർ സ്വർണക്കവർച്ച കേസുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ കസ്റ്റഡിയിൽ വാങ്ങിയ പ്രതികൾ ഉൾപ്പെടെ നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തിട്ടും തൊണ്ടിമുതൽ കണ്ടെത്താനാകാതെ പൊലീസ് വിയർക്കുന്നു.

റിമാൻഡിലായിരുന്ന കവർച്ചയുടെ മുഖ്യസൂത്രധാരൻ ഇടുക്കി മുരിക്കാശേരി കുര്യാത്ത് സതീഷ് സെബാസ്റ്റ്യൻ (39), തൊടുപുഴ മടക്കത്താനം കിഴക്കേമടത്തിൽ റാഷീദ് ബഷീർ (39), മടക്കത്താനം വെള്ളാപ്പള്ളിയിൽ നസീബ് നൗഷാദ് (22), തൊടുപുഴ കുമാരമംഗലം നടുവിലകത്ത് സുനീഷ് സുധാകരൻ (30), തൊടുപുഴ മുതലക്കോടം സ്വദേശി ബിബിൻ ജോർജ് (26) എന്നിവരെ ജൂൺ രണ്ട് വരെ കസ്റ്റഡിയിൽ വിട്ടുനൽകിയെങ്കിലും സ്വർണം സംബന്ധിച്ച് ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. പരസ്പര വിരുദ്ധമായിട്ടാണ് പ്രതികൾ ഇന്നലെയും സംസാരിച്ചത്. മുഖ്യപ്രതി സതീഷ് സെബാസ്റ്റ്യനാണ് സ്വർണം കൊണ്ടുപോയതെന്നാണ് മറ്റ് പ്രതികളെല്ലാം പറയുന്നത്. സതീഷ് ആകട്ടെ പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്ന മൊഴികളാണ് നൽകുന്നത്.

അതേസമയം പ്രതികളെ ഏലത്തോട്ടത്തിലെ ഒളി സങ്കേതത്തിലെത്തിച്ച ടാക്‌സി ഡ്രൈവർ മനു മണിയെ വീണ്ടും പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഇയാൾക്ക് കവർച്ചയിൽ പങ്കുള്ളതായി സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. നേരത്തെയും ഇയാളെ ചോദ്യം ചെയ്തിരുന്നു. ഏലത്തോട്ടത്തിൽ പ്രതികൾക്ക് ഒളിത്താവളമൊരുക്കിയ ജോലിക്കാരൻ ഇടുക്കി മുരിക്കാശേരി സ്വദേശി ഇ.ടി. സെബാസ്റ്റ്യന് വേണ്ടി പൊലീസ് അന്വേഷണം തുടരുകയാണ്. എൻ.ആർ.ഐയും കാസർകോട് കാഞ്ഞങ്ങാട് സ്വദേശിയുമായ ഏലത്തോട്ടം ഉടമ നൗഷാദിനെ അറിയിക്കാതെയാണ് താമസ സൗകര്യമൊരുക്കിയത്. അതിനാൽ സെബാസ്റ്റ്യനെ എത്രയും വേഗം പിടികൂടേണ്ടത് തന്റെ കൂടി ആവശ്യമാണെന്ന് നൗഷാദ് 'കേരളകൗമുദി'യോട് പറഞ്ഞു.