കൊച്ചി: ഏതു വിഷയത്തിലും പ്രതികരിക്കുന്ന കേരളീയർ ശ്രീലങ്കയിൽ നടന്ന അരുംകൊലയിൽ പ്രതികരിക്കാത്തത് കുറ്റകരമായ മൗനമായിരുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ അഡ്വ. പി. എസ് . ശ്രീധരൻപിള്ള പറഞ്ഞു. ബി.ജെ.പി ന്യൂനപക്ഷ മോർച്ചയുടെ ആഭിമുഖ്യത്തിൽ ആഗോള ഭീകരതക്കെതിരെ മാനവിക കൂട്ടായ്മ ഹൈക്കോർട്ട് ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭീകരതയെ ഏതെങ്കിലും ഒരു മതവുമായി ബന്ധപ്പെടുത്താൻ ബി.ജെ.പി ആഗ്രഹിക്കുന്നില്ല. കേരളത്തെ ഭീകരരുടെ കേന്ദ്രമാക്കി മാറ്റാൻ അനുവദിക്കരുത്. ഈ വിഷയത്തിൽ ചിലരുടെ മൗനം എന്തിനെയൊ ഭയപ്പെടുന്ന പോലെ തോന്നുന്നു. മോദി സർക്കാർ വരാതിരിക്കാൻ ചില കോണുകളിൽ നിന്ന് ശക്തമായ നീക്കങ്ങളുണ്ടായിട്ടുണ്ട് . ഇതിനെ കുറ്റപ്പെടുത്തുന്നില്ല. മറിച്ച് തുല്യനീതി നൽകാൻ മോദി സർക്കാർ ആത്മാർത്ഥമായി ശ്രമിക്കുമെന്നും ശ്രീധരൻപിള്ള പറഞ്ഞു.
ശ്രീലങ്കയിൽ കൊലചെയ്യപ്പെട്ടവർക്കായി ഹൈക്കോട്ട് ജംഗ്‌ഷനിലെ ഉണ്ണിമിശിഹാ പള്ളിയിൽ ഫാ. ഡോ. സ്റ്റാൻലി പാതിരിപ്പള്ളി, ഫാ. ഫ്രാൻസിസ് കുഴിവേലിൽ എന്നിവരുടെ കാർമികത്വത്തിൽ ദിവ്യബലി നടന്നു.