കൊച്ചി : നരേന്ദ്രമോദിയുടെ ഭരണത്തിൽ ന്യൂനപക്ഷങ്ങൾക്ക് അർഹമായ അംഗീകാരങ്ങളും അവകാശങ്ങളും ലഭിക്കുമെന്നും മറിച്ചുള്ള പ്രചാരണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് മദ്രാസ് ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് പറഞ്ഞു.
ബി.ജെ.പി ന്യൂനപക്ഷ മോർച്ചയുടെ ആഭിമുഖ്യത്തിൽ ഭീകരതക്കെതിരെ മാനവിക കൂട്ടായ്മ ഉപവാസസമരത്തിന്റെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരവാദം ഒന്നിനും ഒരു പരിഹാരമല്ല. എല്ലാ പ്രശ്‌നങ്ങളും സമാധാനപരമായി പരിഹരിയ്ക്കാനുള്ള സംവിധാനം ഐക്യരാഷ്ട്ര സഭയ്ക്കുണ്ട്. സമാധാനം കൈവരിക്കാൻ പറ്റാത്ത കാര്യവുമല്ല. നോർത്തേൺ അയർലൻഡ് മുതൽ ശ്രീലങ്ക വരെ ഭീകരപ്രവർത്തനങ്ങൾ തോൽവിയിലാണ് അവസാനിച്ചത്. മാനവീകതയുടെ യഥാർത്ഥ അർത്ഥം മനസിലാക്കാൻ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഉപവാസ നായകൻ അഡ്വ. നോബിൾ മാത്യുവിന് അദ്ദേഹം നാരങ്ങനീര് നൽകി. നേതാക്കളായ എൻ.കെ. മോഹൻദാസ്, എൻ.പി. ശങ്കരൻകുട്ടി, അഡ്വ.കെ.എസ്. ഷൈജു, ബിജോയ് തോമസ്, ഷിബു ആന്റണി, അഡ്വ. സാംസൺ റോഡിഗ്രസ്, എൻ.എൽ. ജെയിംസ്, ലാലൻ കൊമ്പനായിൽ, സി.ജി. രാജഗോപാൽ എന്നിവർ സംസാരിച്ചു.