നിലവിൽ : 8.30 മുതൽ 4.30 വരെ

ആവശ്യം : 24 മണിക്കൂറും ചികിത്സ

കിടത്തി ചികിത്സ : ഒരു മാസത്തിനകം

കൊച്ചി : മദ്ധ്യകേരളത്തിലെ രോഗികളുടെ പ്രതീക്ഷയായ കൊച്ചി കാൻസർ സെന്ററിന്റെ പ്രവർത്തനസമയം വർദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തമായി. വൈകിട്ട് നാലര കഴിഞ്ഞതിന്റെ പേരിൽ പത്തു വയസുകാരന് ഡോക്ടറെ കാണാനാകാതെ വന്നതാണ് ആവശ്യം വീണ്ടുമുയരാൻ കാരണം. കിടത്തി ചികിത്സ വൈകാതെ ആരംഭിക്കുന്നതോടെ പരിഹാരമാകുമെന്ന് അധികൃതർ പറഞ്ഞു.

രാവിലെ എട്ടരയ്ക്ക് ആരംഭിക്കുന്ന കാൻസർ സെന്റർ പ്രവർത്തനം വൈകിട്ട് നാലരയ്ക്ക് അവസാനിക്കും. റസിഡന്റ് മെഡിക്കൽ ഓഫീസറുടെ സേവനം പൂർണസമയം ലഭ്യമാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

# സംഭവിച്ചത് ഇങ്ങനെ

കലൂരിലെ പത്തു വയസുകാരൻ കടുത്ത വയറുവേദനയുമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂത്രസഞ്ചിയിൽ മുഴ ലിംഫോമിയ എന്ന കാൻസറാണെന്ന് വ്യക്തമായി. വിദഗ്ദ്ധചികിത്സ അടിയന്തരമായി ആവശ്യമായിരുന്നു.

നിർദ്ധന കുടുംബത്തിലെ കുട്ടിയായതിനാൽ കളമശേരിയിലെ കൊച്ചി കാൻസർ സെന്ററിലേയ്ക്ക് വിടാൻ തീരുമാനിച്ചു. സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ വൈകിട്ട് നാലരയ്ക്ക് കാൻസർ സെന്ററിലേയ്ക്ക് ഫോൺ ചെയ്തെങ്കിലും ഒരു ഡോക്ടർ പോലുമുണ്ടായിരുന്നില്ല. തുടർന്ന് കുട്ടിയെ തിരുവനന്തപുരത്ത് റീജണൽ കാൻസർ സെന്ററിലേക്ക് അയയ്ക്കേണ്ടിവന്നു.

# ആരോഗ്യമന്ത്രിക്ക് കത്ത്

വൈകിട്ട് നാലരയ്ക്ക് കാൻസർ സെന്റർ പ്രവർത്തനം അവസാനിപ്പിക്കുന്നത് ഉചിതമല്ലെന്ന് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്മെന്റ് പ്രവർത്തകൻ ഡോ.കെ.എൻ. സനിൽകുമാർ ആരോഗ്യമന്ത്രി കെ.കെ. ഷൈലജയ്ക്ക് അയച്ച കത്തിൽ പറയുന്നു.

ഏഴു വിദഗ്ദ്ധ ഡോക്ടർമാരും ഓപ്പറേഷൻ തിയേറ്ററും കീമോതെറാപ്പി സൗകര്യവുമുള്ള ആശുപത്രി കൊണ്ട് രോഗികൾക്ക് പ്രയോജനം ലഭിക്കുന്നില്ല.

# നാലര വരെയെന്ന് അധികൃതർ

രാവിലെ 8.30 മുതൽ വൈകിട്ട് 4.30 വരെയാണ് കാൻസർ സെന്ററിന്റെ പ്രവർത്തന സമയമെന്ന് സെന്റർ ഡയറക്ടർ ഡോ. മോനി കുര്യാക്കോസ് പറഞ്ഞു. നാലരയ്ക്ക് വിളിച്ചതിനാലാകാം ഡോക്ടർമാരെ കിട്ടാതിരുന്നത്. ആറു വരെ താൻ സെന്ററിലുണ്ടായിരുന്നു. കുട്ടി സെന്ററിൽ എത്തിയിട്ടില്ല. എത്തിയിരുന്നെങ്കിൽ തൽക്കാലം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് അടുത്ത ദിവസം ചികിത്സ നൽകാൻ കഴിയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കിടത്തി ചികിത്സ ആരംഭിക്കുന്നതോടെ മുഴുവൻ സമയവും ഡോക്ടർമാരുടെ സേവനം ലഭ്യമാകും. പുതുതായി തിരഞ്ഞെടുത്ത ഡോക്ടർമാർ ഉൾപ്പെടെ ജീവനക്കാരുടെ നിയമനം ഒരു മാസത്തിനകം പൂർത്തിയാകുമെന്ന് അദ്ദേഹം പറഞ്ഞു.