കൊച്ചി: കൊച്ചി കോർപ്പറേഷൻ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്നു രാവിലെ നടക്കും. എ വിഭാഗക്കാരിയായ ഹേമ പ്രഹ്ളാദനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി സി.പി.ഐ കൗൺസിലർ ബൈജു കോട്ടാളി മത്സരിക്കും. 74 കൗൺസിലർമാരും വോട്ടെടുപ്പിൽ പങ്കെടുക്കും.
ധനകാര്യസമിതി അംഗവും വൈറ്റില ജനതാ ഡിവിഷൻ കൗൺസിലറുമായിരുന്ന എം. പ്രേമചന്ദ്രന്റെ മരണത്തെത്തുടർന്നാണ് സമിതിയിൽ ഒഴിവുവന്നത്. ഡെപ്യൂട്ടി മേയർ ടി.ജെ.വിനോദ് ഉൾപ്പെടെ പത്ത് അംഗങ്ങളാണ് സമിതിയിലുണ്ടായിരുന്നത്. പ്രേമചന്ദ്രന്റെ മരണത്തോടെ എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും കക്ഷിനില തുല്യമായി. ഇതോടെ നിർണായക തീരുമാനങ്ങളെടുക്കാൻ നിർവാഹക സമിതിക്ക് കഴിയാതെ വന്നു. ഇതേത്തുടർന്ന് പ്രതിപക്ഷത്തിന്റെ കൈവശമുള്ള വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റിയിലെ അംഗമായ ഹേമ പ്രഹ്ളാദനെ ധനകാര്യ സമിതിലേക്ക് മാറ്റാൻ യു.ഡി.എഫ് തീരുമാനിച്ചു. ഇതിനെ പ്രതിപക്ഷം എതിർത്തതോടെയാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
പ്രേമചന്ദ്രനു പകരം സ്വഭാവികമായി വൈറ്റില ഡിവിഷനിലെ പുതിയ കൗൺസിലർ ബൈജു കോട്ടാളിയെയാണ് ഉൾപ്പെടുത്തേണ്ടിയിരുന്നതെന്ന് പ്രതിപക്ഷ കൗൺസിലർ വി.പി.ചന്ദ്രൻ പറഞ്ഞു. കൗൺസിലിൽ യു.ഡി.എഫിന് മൂന്ന് അംഗങ്ങളുടെ ഭൂരിപക്ഷമുള്ളതിനാൽ ഹേമ വിജയിക്കാനാണ് സാദ്ധ്യത. പകരം ബൈജു വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗമായി മാറും.