മൂവാറ്റുപുഴ: ഇടവേളയ്ക്കുശേഷം മൂവാറ്റുപുഴയിൽ റെന്റ് എ കാർ തട്ടിപ്പുസംഘം സജീവമാകുന്നു. സംഘത്തിലെ പ്രധാന കണ്ണിയായ കൊല്ലം കരുനാഗപ്പള്ളി പുത്തൻപുയിൽ സുകേഷിനെ നാട്ടുകാരുടെ സഹായത്തോടെ മൂവാറ്റുപുഴ പൊലീസ് പിടികൂടിയതോടെയാണ് തട്ടിപ്പിനെകുറിച്ചുള്ള വിവരങ്ങൾ പുറത്തറിയുന്നത്. സുകേഷ് കൊല്ലം സ്വദേശിയിൽ നിന്ന് റെന്റിന് കാറെടുക്കുകയും ഉപയോഗിച്ചശേഷം തിരിച്ചേൽപ്പിക്കുകയും ആയിരുന്നു. തുടർന്ന് ഇതേ കാറിന്റെ ഡ്യൂപ്ലിക്കേറ്റ് കീ ഉപയോഗിച്ച് കാർ കൊല്ലത്തുനിന്നും സുകേഷും സംഘവും കടത്തുകയായിരുന്നു. കാറുടമയും സംഘവും പിന്തുടർന്നെങ്കിലും കണ്ടെത്താനായില്ല. എന്നാൽ സുകേഷും സംഘവും സഞ്ചരിച്ച കാർ മൂവാറ്റുപുഴയ്ക്കടുത്ത് എം.സി റോഡി ആറൂർ കുത്തിറക്കത്തിൽ അപകടത്തിൽപ്പെട്ടു. നാട്ടുകാർ ഓടിയെത്തിയതോടെ കാറിലുണ്ടായിരുന്ന രണ്ടുപർ ഓടി രക്ഷപ്പെട്ടു.. സുകേഷ് നാട്ടുകാരുടെ പിടിയിലായി. സംശയം തോന്നിയ നാട്ടുകാർ സുകേഷിനെ മൂവാറ്റുപുഴ പൊലീസിന് കെെമാറുകയായിരുന്നു. പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായത്. വാഹനങ്ങൾ റെന്റിന് എടുക്കുകയും ഉപയോഗിച്ചശേഷം കാറുടമയ്ക്ക് മടക്കി നൽകിയശേഷം പിന്നീട് ഡ്യൂപ്ലിക്കേറ്റ് കീ ഉപയോഗിച്ച് കാറുകൾ കടത്തുന്ന സംഘത്തിലെ കണ്ണിയാണ് സുകേഷ്.
വാഹനം പൊളിച്ചുവിൽക്കുന്ന
സംഘങ്ങളും സജീവം
മൂവാറ്റുപുഴയിൽ വാഹനങ്ങൾ റെന്റിന് കൊടുക്കുന്ന സംഘങ്ങൾ നിരവധിയുണ്ട്. ഇതര ജില്ലകളിൽ നിന്ന് റെന്റിനായി എടുത്തുകൊണ്ടുവരുന്ന വാഹനങ്ങൾ വില്പന നടത്തിയ സംഭവങ്ങൾ ഏറെയുണ്ട്.. വാഹനം പൊളിച്ചു വിൽക്കുന്ന സംഘങ്ങളും സജീവമാണ്. വാഹനങ്ങൾ റെന്റിന് കൊടുക്കുന്ന സംഘങ്ങൾ പണയത്തിനും, വാടകയ്ക്കും എടുക്കുന്ന വാഹനങ്ങൾ പലപ്പോഴും ഉടമകൾക്ക് തിരികെ നൽകാറില്ല. ഉടമകൾ വാഹനം അന്വേഷിച്ചുവരുമ്പോൾ വാഹനം ഓട്ടത്തിലാണെന്ന് ധരിപ്പിച്ച് കാണാനുള്ള അവസരം പോലും നൽകാറില്ല. ഇത് സംഘർഷത്തിലും പൊലീസ് കേസിലും അവസാനിക്കാറാണ് പതിവ്. എന്നാൽ ഇത്തരം സംഭവങ്ങൾ ഒത്തുതീർപ്പാക്കി നൽകുന്നതിനുള്ള സംഘവും സജീവമാണ്. റെന്റ് എ കാർ ഇടപാട് നടത്തുന്നതിന് പൊലീസ് നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾ ഉണ്ടെങ്കിലും ഇതൊന്നും പാലിക്കപ്പെടുന്നില്ല.