കൊച്ചി: കേരള ലളിതകലാ അക്കാഡമി 2018–19 സംസ്ഥാന ചിത്ര, ശില്പ പുരസ്കാരങ്ങളും ഫെലോഷിപ്പുകളും പ്രഖ്യാപിച്ചു. 75,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന ഫെലോഷിപ്പ് പ്രശസ്ത ശില്പി കെ.എസ്. രാധാകൃഷ്ണനും ചിത്രകാരനും കലാനിരൂപകനുമായ കെ.കെ. മാരാർക്കും ലഭിച്ചു.
50,000 രൂപയും പ്രശസ്തിപത്രവും മൊമന്റോയും അടങ്ങുന്ന ചിത്രശില്പ പുരസ്കാരങ്ങൾ അഞ്ചുപേർക്കാണ്. എ.എസ്. അഹല്യ, പി.എസ്. ജലജ, വിനോദ് അമ്പലത്തറ എന്നിവർക്ക് ചിത്രത്തിനും ഇ.ജി. ചിത്രയ്ക്ക് ശില്പത്തിനും കെ.കെ. ജയേഷിന് വുഡ്കട്ടിനുമാണ് ഈ അവാർഡ്. ലളിതകലാ അക്കാഡമി ഹാളിൽ നടന്ന ചടങ്ങിൽ അക്കാഡമി ചെയർമാൻ നേമം പുഷ്പരാജ് അവാർഡുകൾ പ്രഖ്യാപിച്ചു.
25000 രൂപയും ബഹുമതി പത്രവും അടങ്ങുന്ന പ്രത്യേക പരാമർശവും അഞ്ചുപേർക്ക് ലഭിച്ചു. ടി.എസ്. പ്രസാദ്, ഐ.പി. രഞ്ജിത്ത്, കെ.സചീന്ദ്രൻ, പി.എ. സജീഷ്, എൻ. എം.സിബിന എന്നിവർക്കാണ് പ്രത്യേക പരാമർശം.
10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന കലാവിദ്യാർത്ഥികൾക്കുള്ള പുരസ്കാരം ടി. എസ്. അശ്വതി, ആതിര കെ. അനു, കെ.എസ്. ശ്രീലക്ഷ്മി, വി. സുധീഷ്, കെ.പി. വിഷ്ണു എന്നിവർക്കാണ്.
എസ്. അബിരാഗിന്റെ 'ദ അനദർ ഡൈമെൻഷൻ 3' മികച്ച ഛായാചിത്രത്തിനുള്ള വി. ശങ്കരമേനോൻ എൻഡോവ്‌മെന്റ് സ്വർണമെഡൽ നേടി. എൻ.വി. ധ്രുവരാജിന്റെ 'ശീർഷകമില്ല 1' എന്ന ജലച്ചായാചിത്രത്തിന് മികച്ച പ്രകൃതിദൃശ്യ ചിത്രത്തിനുള്ള വിജയരാഘവൻ എൻഡോവ്‌മെന്റ് സ്വർണ മെഡൽ ലഭിച്ചു.
122 പേരുടെ കലാസൃഷ്ടികൾ സംസ്ഥാന പ്രദർശനത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്.
അവാർഡിന് സൃഷ്ടികൾ അയച്ചതും അവാർഡ് നേടിയതും കൂടുതലും സ്ത്രീകളാണ്. അക്കാഡമി സെക്രട്ടറി പൊന്ന്യം ചന്ദ്രൻ, അംഗം കെ.എ. സോമൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ജൂലായിൽ കണ്ണൂരിലാണ് അവാർഡ് വിതരണം.