കൊച്ചി: ശരിയായ തയ്യാറെടുപ്പുകളില്ലാതെയും തിടുക്കത്തിലും ജി.പി.എസ് നടപ്പാക്കാൻ ശ്രമിക്കുന്നതിനെതിരെ ട്രാവൽ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഒഫ് കേരള (ടോക്) നടത്തുന്ന പ്രതിഷേധസമരം കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം പരിസരത്ത് ഇന്നു വൈകിട്ട് 5 മുതൽ 6 വരെ നടക്കും.
സ്റ്റേഡിയം പരിസരത്തെത്തുന്ന അഞ്ഞൂറിലേറെ കാറുകൾ 6 മുതൽ 6.15 വരെ അപായ സൂചനാ ലൈറ്റുകൾ മിന്നിച്ചു പ്രതിഷേധിക്കും. കേരളത്തിന്റെ മറ്റു ഭാഗങ്ങളിൽ ഇതേ സമയത്ത് ഓട്ടം നിറുത്തിവച്ച് ലൈറ്റുകൾ മിന്നിച്ച് പ്രതിഷേധത്തിൽ പങ്കുചേരുമെന്നും ടോക് പ്രസിഡന്റ് എം.എസ്. അനിൽകുമാർ, സെക്രട്ടറി ബാജി ജോസഫ് എന്നിവർ അറിയിച്ചു.
വാഹനങ്ങൾക്ക് ജി.പി.എസ് നിർബന്ധമാക്കാൻ ഉപകരണ നിർമാണകമ്പനികളുമായിച്ചേർന്ന് ഗൂഢാലോചന നടന്നതായി ഭാരവാഹികൾ ആരോപിച്ചു. 3000 രൂപ വിലയുള്ള ഉപകരണം 12,000 മുതൽ 20,000 രൂപ വരെ വിലയ്ക്കാണ് വിൽക്കാൻ ശ്രമിക്കുന്നത്.
പ്രസിഡന്റ് എം.എസ്. അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ 5 നാരംഭിക്കുന്ന പരിപാടിയിൽ സെക്രട്ടറി ബാജി ജോസഫ് സ്വാഗതമാശംസിക്കും. ബസ് ഓപ്പറേറ്റർ കോൺഫെഡറേഷൻ ഒഫ് ഇന്ത്യ (ബോകി) നാഷനൽ കോ ഓർഡിനേറ്റർ മനോജ് പടിക്കൽ ഉദ്ഘാടനം ചെയ്യും. മുൻ മേയർ ടോണി ചമ്മണി മുഖ്യാതിഥിയാകും. പ്രതിഷേധ പരിപാടി സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ് ഫ്‌ളാഗ് ഓഫ് ചെയ്യും. ബസ് ഓപ്പറേറ്റേഴസ് അസോസിയേഷൻ പ്രസിഡന്റ് എം.ബി. സത്യൻ, കോൺട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ബിനു ജോൺ, സി.ഐ.ടി.യു ഡ്രൈവേഴ്‌സ് യൂണിയൻ പ്രതിനിധി അൻസാർ സി.എം, ബി.എം.എസ് യൂണിയൻ സെക്രട്ടറി നിതിൻ പ്രഭ, ടിറ്റി വർഗീസ്, സുര എന്നിവർ
പ്രസംഗിക്കും.