broad
എറണാകുളം ബ്രോഡ് വേയിലെ അനധികൃത കൈയേറ്റം കോർപ്പറേഷൻ ജീവനക്കാർ ഒഴിപ്പിക്കാനെത്തിയപ്പോൾ പെട്ടിക്കട വണ്ടിയിൽ കയറ്റി മാറ്റാൻശ്രമിക്കുന്ന വ്യാപാരികൾ

കൊച്ചി : തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ എറണാകുളം ബ്രോഡ്‌വേയിലെ കൈയേറ്റങ്ങൾ പ്രതിഷേധങ്ങൾക്കിടെ ഇന്നലെ വീണ്ടും പൊളിച്ചുനീക്കി. റോഡും നടപ്പാതയും കൈയേറി നടത്തിയിരുന്ന കച്ചവടങ്ങൾ നഗരസഭ ഒഴിപ്പിച്ചു. അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുമാറ്റി.

നഗരസഭയുടെ ആരോഗ്യ വിഭാഗമാണ് പൊലീസ് സഹായത്തോടെ പൊളിച്ചുനീക്കം നടത്തിയത്. ഗതാഗതത്തിനും കാൽനട യാത്രയ്ക്കും തടസം വരുത്തുന്ന വിധത്തിൽ നടത്തിയിരുന്നു കച്ചവടമാണ് ഒഴിപ്പിച്ചത്. ബ്രോഡ്‌വേയിലെ ക്ളോത്ത് ബസാറിൽ ഹെൽത്ത് സൂപ്പർവൈസർ തോമസ് കോശിയുടെയും റവന്യൂ വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലായിരുന്നു പൊളിക്കൽ. ബ്രോഡ്‌വേയിൽ നിന്ന് ക്ളോത്ത് ബസാറിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് നടപ്പാതയിലേക്ക് ഇറക്കിവച്ച് നടത്തുന്ന കച്ചവട വസ്തുക്കളാണ് ആദ്യം നീക്കാൻ നിർദ്ദേശിച്ചത്. സാധനങ്ങൾ നീക്കാൻ ഉടമകൾക്ക് തന്നെ സമയം അനുവദിച്ചു. തുടന്ന് സ്ഥിരമായിനിർമ്മിച്ചിരുന്നവ യന്ത്രസഹായത്തോടെ മുറിച്ചും പൊളിച്ചും മാറ്റി.

ചേംബർ റോഡിലെ നടപ്പാതയിലെ കച്ചവടം പൂർണമായും നീക്കാൻ ശ്രമിച്ചതോടെ തെരുവോര കച്ചവടക്കാർ പ്രതിഷേധിച്ചു. പ്രതിഷേധം വകവയ്ക്കാതെ പൊളിക്കൽ തുടർന്നു. വ്യാപാരികളും പ്രതിഷേധിക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് സംരക്ഷണയിൽ പൊളിക്കൽ തുടർന്നു.

നടപ്പാത പൂർണമായി കൈയേറി കച്ചവടം നടത്തിയിരുന്നു. നടപ്പാതയ്ക്ക് മുകളിലേയ്ക്ക് മേൽക്കൂര നീട്ടിവച്ചും നിരവധി കടകൾ സാധനങ്ങൾ തൂക്കിയും മറ്റും വില്പനയ്ക്ക് വച്ചിരുന്നു. റോഡിന് കുറുകെ സ്ഥാപിച്ചിരുന്ന ബോർഡുകളും സ്റ്റാ‌ൻഡുകളും മറ്റും പൊളിച്ചടുക്കി.

പാവങ്ങളുടെ വയറ്റത്തടിച്ചെന്ന്

വലിയ തോതിൽ പൊതുസ്ഥലം കൈയേറിയ വൻകിട കച്ചവടക്കാരെ ഒഴിവാക്കി വഴിയോരക്കച്ചവടം വഴി ഉപജീവനം നടത്തുന്നവരെയാണ് ഒഴിപ്പിച്ചതെന്ന് പരാതി ഉയർന്നു. ഒഴിപ്പിക്കൽ ഇനിയും തുടർന്നാൽ സമരം സംഘടിപ്പിക്കുമെന്ന് തെരുവോര കച്ചവടക്കാരുടെ യൂണിയൻ (സി.ഐ.ടി.യു.) സെക്രട്ടറി ടി.യു. ഉസ്‌മാൻ പറഞ്ഞു.

വലിയ കൈയേറ്റവും സ്ഥിരം നിർമ്മാണവും പൊളിക്കാൻ നഗരസഭ നടപടി സ്വീകരിച്ചിട്ടില്ല. വലിയ കടകളിൽ നിന്ന് വാങ്ങുന്ന വസ്തുക്കളാണ് വഴിയരികിൽ തങ്ങൾ വിൽക്കുന്നത്. സ്കൂൾ തുറക്കുന്ന സമയത്ത് കച്ചവടം നിലയ്ക്കുന്നത് കുടുംബത്തെ ബാധിക്കും. മേയറെയും സെക്രട്ടറിയെയും നേരിൽക്കണ്ട് കാര്യങ്ങൾ ധരിപ്പിച്ചതാണ്. അനുകൂല നിലപാട് തെരുവോര കച്ചവടക്കാരോട് കാണിക്കുമെന്ന് പറഞ്ഞെങ്കിലും നടപ്പായില്ലെന്ന് അദ്ദേഹം പറഞ്ഞു.