വൈപ്പിൻ: മനുഷ്യനന്മ ലക്ഷ്യമാക്കി സാമൂഹ്യരാഷ്ട്രീയസാമ്പത്തികആദ്ധ്യാത്മിക കാര്യങ്ങളിലൂടെയുള്ള ഏകോപനമാണ് മിശ്രഭോജനത്തിന്റെ സന്ദേശമെന്ന് പ്രൊഫ. എം.കെ. സാനു അഭിപ്രായപ്പെട്ടു. സാഹോദര്യത്തിലൂന്നിയുള്ള പ്രവർത്തനങ്ങളാണ് സഹോദരൻ അയ്യപ്പനെ നയിച്ചത്. സഹോദരൻ അയ്യപ്പൻ 102 വർഷം മുമ്പ് ചെറായിയിൽ സംഘടിപ്പിച്ച മിശ്രഭോജനത്തിന്റെ വാർഷികം ചെറായി സഹോദരൻ അയ്യപ്പൻ ജന്മഗൃഹത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു സാനു. സിപ്പി പള്ളിപ്പുറം അദ്ധ്യക്ഷത വഹിച്ചു.
പ്രൊഫ. എം.കെ. പ്രസാദ്, ആലുവ അദ്വൈത ആശ്രമത്തിലെ നാരായണ ഋഷി, കൊടുങ്ങല്ലൂർ ചേരമാൻ മസ്ജിദ് ഇമാം സെയ്ഫുദ്ദീൻ അൽഖാസ്മി, ചെറായി സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി വികാരി ഫാ. ടുബി ഇടമറുക് എന്നിവർ പ്രസംഗിച്ചു. സ്മാരകം കമ്മിറ്റി സെക്രട്ടറി മയ്യാറ്റിൽ സത്യൻ സ്വാഗതവും കെ.കെ. വേലായുധൻ നന്ദിയുംപറഞ്ഞു. മിശ്രഭോജനം നടന്ന ചെറായി തുണ്ടിപ്പറമ്പിൽ രാവിലെ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.കെ. ജോഷി തെളിയിച്ച ദീപശിഖ അഭിജിത്ത് ഏറ്റുവാങ്ങി ജന്മഗൃഹത്തിലെത്തിച്ചു. മിശ്രഭോജന സ്മൃതിസദ്യയോടെ 102ാം വാർഷികാഘോഷം സമാപിച്ചു.