പറവൂർ : പ്രളയത്തെ തുടർന്ന് വീടുകൾക്ക് നാശനഷ്ടം സംഭവിച്ചിട്ടും യഥാസമയം അപേക്ഷ നൽകാൻ കഴിയാതെ സഹായധനം നിഷേധിക്കപ്പെട്ടവർക്ക് അപേക്ഷിക്കാൻ സമയം അനുവദിക്കുമെന്ന പ്രഖ്യാപനം പറവൂരിലെ പ്രളയ ദുരിതബാധിതർക്ക് പ്രതീക്ഷയേകുന്നു. ഇതു സംബന്ധിച്ച് എസ്. ശർമ്മ എം.എൽ.എ നിയമസഭയിൽ ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കലിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പ്രളയം വലിയ തോതിൽ ബാധിച്ച താലൂക്കാണ് പറവൂർ. കുന്നുകര, പുത്തൻവേലിക്കര, ചേന്ദമംഗലം, ചിറ്റാറ്റുകര, വടക്കേക്കര പഞ്ചായത്തുകളുടെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലായി.ക്ഷീര കർഷകർക്ക് ചത്ത പശു ഒന്നിന് 30,000 രൂപ വീതം പരമാവധി 90,000 രൂപയും കൈത്തറി മേഖലയിലുള്ളവർക്കുമാണ് സർക്കാരിൽ നിന്നും സഹായം ലഭിച്ചത്. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ച ചെറുകിടകച്ചവടക്കാർക്ക് സഹായം സർക്കാരിൽ നിന്നും ലഭിച്ചില്ല. യഥാസമയം അപേക്ഷ നൽകിയില്ലെന്ന കാരണത്താൽ സഹായം നിഷേധിക്കപ്പെട്ടവർ ആയിരത്തിലേറെയുണ്ട് ഈ പ്രദേശത്ത്. സർക്കാർ അനുമതിയില്ലെന്ന കാരണത്താൽ ഇവരുടെ അപേക്ഷകൾ പഞ്ചായത്തിലോ, വില്ലേജിലോ, താലൂക്കിലോ സ്വീകരിക്കുന്നുണ്ടായിരുന്നില്ല. പ്രളയബാധിതരോടുള്ള അവഗണനക്കെതിരെ ജനകീയ സമരങ്ങൾ നടന്നിരുന്നു. സർക്കാർ ഉത്തരവ് ഇറങ്ങിയാൽ വില്ലേജ് ഓഫീസുകളിൽ വീണ്ടും അപേക്ഷ നൽക്കാനാകുമെന്ന് അധികൃതർ പറഞ്ഞു.