പെരുമ്പാവൂർ: മഴക്കാലപൂർവ ശുചീകരണപ്രവർത്തനം വഴിപാടായതോടെ കുന്നത്തുനാട് താലൂക്കിന്റെ കിഴക്കൻ മേഖലകളിൽ ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും വർദ്ധിക്കുന്നു. വേങ്ങൂർ പഞ്ചായത്തിലെ ചൂരമുടി ഭാഗത്ത് ഡെങ്കിപ്പനിയും കുറുപ്പംപടി പുലിമല ഭാഗത്ത് മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചു. വേങ്ങൂരിലെ ചൂരമുടിയിൽ പാറമട തൊഴിലാളികളായ നാല് ഇതരസംസ്ഥാന തൊഴിലാളികൾക്കാണ് ഡെങ്കിപ്പനി ബാധിച്ചിട്ടുള്ളത്. ഇവരെ പെരുമ്പാവൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൃത്തിഹീനമായ സാഹചര്യത്തിലും കൊതുക് പെരുകിയ പ്രദേശത്തുള്ള താമസവുമാണ് രോഗം പിടിപെടാൻ ഇടയാക്കിയതെന്നാണ് വിലയിരുത്തൽ.
രായമംഗലം പഞ്ചായത്തിൽ ഉൾപ്പെട്ട പുലിമലയിൽ മഞ്ഞപ്പിത്തം പടരുന്നു. ചാമക്കാല വീട്ടിൽ ബിജുവിനാണ് മഞ്ഞപ്പിത്തം ബാധിച്ചത്. കേരള വാട്ടർ അതോറിട്ടിയുടെ മുളപ്പൻചിറ പമ്പ്ഹൗസിൽ നിന്നാണ് ഇവിടെ വെള്ളമെത്തുന്നത്. മഞ്ഞ നിറത്തിലുള്ള വെള്ളമാണ് ഇവിടെ ലഭിക്കുന്നതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ഇവിടുത്തുകാർക്ക് ഏക ആശ്രയം വാട്ടർ അതോറിറ്റിയുടെ കുടിവെള്ളമാണ്.
കാട്പിടിച്ചു കിടക്കുന്ന മുളപ്പൻ ചിറ ശുചീകരിച്ചിട്ട് ഒരു വർഷത്തിന് മുകളിലായി. രായമംഗലം പഞ്ചായത്ത് 20 ലക്ഷം രൂപ മുടക്കിയാണ് അന്ന് ചിറ ശുചീകരിച്ചത്. പിന്നീട് പഞ്ചായത്ത് അധികൃതർ ചിറയിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. വാട്ടർ അതോറിറ്റിയാകട്ടെ വൃത്തിഹീനമായ ചിറ ശുചീകരിക്കാൻ തയ്യാറുമല്ല. വാട്ടർ അതോറിറ്റി പമ്പ് ചെയ്യുന്ന കിണറ്റിലേക്ക് ചിറയിലേക്ക് വെള്ളം നേരിട്ടെത്തുന്നു എന്നത് പ്രശ്‌നത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.