ആലുവ: ആലുവ ജില്ലാ ആശുപത്രിയുടെ നേതൃത്വത്തിൽ സർക്കാർ സ്വകാര്യ വിദ്യാലയങ്ങളിലെ കിണറുകൾ ക്ലോറിനേറ്റ് ചെയ്തു.
അധ്യയന വർഷം ആരംഭിക്കാനിരിക്കെ മുനിസിപ്പൽ അതിർത്തിയിലെ സ്‌കൂളുകളിലും കോളേജുകളിലും ആരോഗ്യജാഗ്രത പ്രവർത്തനങ്ങളുടെ ഭാഗമായാണ് ക്ലോറിനേഷൻ പ്രവർത്തനങ്ങൾ നടത്തിയത്.
സർക്കാർ വിദ്യാലയങ്ങളിലെ ജലം പരിശോധനയെക്കടുത്ത് കാക്കനാട് റീജിയണൽ അനലിറ്റിക്കൽ ലാബിലേക്ക് അയച്ചു. സ്വകാര്യ വിദ്യാലയങ്ങളിലെ കിണർ ജലം പരിശോധന നടത്തി റിപ്പോർട്ട് ലഭ്യമാക്കാൻ സ്‌ക്കൂൾ അധികൃതരോട് നിർദ്ദേശിച്ചു. ആലുവ ഗവ:ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌ക്കൂളിൽ വിദ്യാലയങ്ങളുടെ കിണർ ക്ലോറിനേഷന്റേയും ജലപരിശോധനയുടേയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബി.എ.അബ്ദുൾമുത്തലിബ് നിർവഹിച്ചു.
ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.പ്രസന്നകുമാരി.കെ., ആരോഗ്യം സ്ഥിരം സമിതി അധ്യക്ഷ ടിമ്മി ടീച്ചർ, നഗരസഭ കൗൺസിലർ സെബി വി. ബാസ്റ്റിൻ, പ്രിൻസിപ്പൽ ഇൻ ചാർജ് ഷീന ശിവാനന്ദൻ എന്നിവർ പങ്കെടുത്തു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എം.ഐ. സിറാജ് പ്രവർത്തനപദ്ധതി വിശദീകരിച്ചു.