തൃക്കാക്കര : ഭിന്നശേഷിക്കാരെ മുഖ്യധാരയിലേക്കെത്തിക്കാൻ സർക്കാരും സന്നദ്ധ സംഘടനകളും ഉണർന്ന് പ്രവർത്തിക്കണമെന്ന് പ്രൊഫ. കെ.വി.തോമസ് അഭിപ്രായപ്പെട്ടു. എം.പി. ഫണ്ടുപയോഗിച്ച് ഭിന്നശേഷിക്കാർക്ക് നൽകുന്ന മോട്ടോറൈസ്ഡ് വീൽ ചെയറിന്റെ വിതരണോദ്ഘാടനം കളക്ടറേറ്റിൽ നിർവഹിക്കുക യായിരുന്നു അദ്ദേഹം. എം.പിയെന്ന നിലയിൽ ജനങ്ങൾക്ക് പ്രയോജകരമാകുന്ന നിരവധി പദ്ധതികൾ യാഥാർത്ഥ്യമാക്കിയെന്ന ചാരിതാർത്ഥ്യം തനിക്കുണ്ട്. വിദ്യാധനം സ്കോളർഷിപ്പ് പദ്ധതിയും ഭിന്നശേഷിക്കാർക്കുള്ള ഇത്തരം പരിപാടികളും അതിൽ എടുത്തു പറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഭിന്നശേഷിക്കാരായ അഞ്ച് പേർക്കാണ് 115000 രൂപ വീതം വരുന്ന 5 മോട്ടോറൈസ്ഡ് വീൽചെയർ വിതരണം ചെയ്തതത്. സാമുഹ്യ നീതിവകുപ്പിന്റെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കിയത്. ജില്ലാ സാമൂഹ്യ നീതി ഓഫീസർ ടി.കെ. രാംദാസ് സംസാരിച്ചു.