ഇടപ്പള്ളി :മണ്ണ് മുഴുവൻ ഒലിച്ച് ടാറിംഗ് അടർന്ന് വീണ് വടുതല പാലം അപകടത്തിൽ.പാലവും പ്രവേശന റോഡും തമ്മിലുള്ള വിടവ് ഓരോ ദിവസവും കൂടിവരികയാണ്. നൂറു കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന വടുതല പാലത്തിലെ ഗതാഗതം ഭീഷണിയിൽ. പാലത്തിന്റെ തെക്കു ഭാഗത്താണ് തകർച്ച. സംരക്ഷണ ഭിത്തി ഇല്ലാത്ത ഇവിടെ റോഡിന്റെ ഒരു വശത്തെ മണ്ണ് മുഴുവൻ ഒലിച്ചു പുഴയിലേക്കു വീണു നിറയെ കുഴികളായി . പാലവുമായിചേരുന്ന ഭാഗത്തെ കോൺക്രീറ്റ് ഉൾപ്പെടെ അടർന്ന് വീണു. ചെറിയ മഴയിൽ പോലുമുണ്ടാകുന്ന തകർച്ച പാലത്തിന്റെ കൂടുതൽ ഭാഗങ്ങളിലേക്കു വ്യാപിക്കുകയാണ് . ഏതു നിമിഷവും ഗതാഗതം തടസ്സപ്പെടാൻ കാരണമായേക്കാം. പാലത്തിന്റെ പ്രവേശന റോഡിലെ വിള്ളലുകളിൽ നാട്ടുകാർ ഇപ്പോൾ മര കഷണവും മറ്റും നാട്ടി യാത്രക്കാർക്ക് അപകട സൂചന നൽകിയിട്ടുണ്ട്. പൊതുമരാമത്തു അധികൃതർ ഇതു വരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ചിറ്റൂർ, ചേരാനല്ലൂർ ഭാഗങ്ങളിലേക്കു പോകാനുള്ള പ്രധാന വഴിയാണ് ഇത്.
ചിറ്റൂർ, ചേരാനെല്ലൂർ നിവാസികളുടെ യാത്ര ദുരിതത്തിലാവും
.അപകട ഭീഷണി പൊതു മരമത്തു അധികൃതരെ അറിയിച്ചതാണ് ഒരു നടപടിയും എടുക്കാതെ അധികൃതർ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്
ഒ. പി. സുനിൽ,കൗൺസിലർ ,.