കൊച്ചി: ജീവിതത്തിൽ പരാജയങ്ങൾ ഉൾകൊള്ളാൻ പുതുതലമുറയ്ക്ക് പ്രയാസമാണെന്ന് നടൻ മോഹൻലാൽ പറഞ്ഞു. ചെറിയ പരാജയം പോലും പുതിയ തലമുറയെ നിരാശയിലേക്ക് തള്ളിവിടുന്നു. വിജയത്തോടൊപ്പം പരാജയവും നേരിടാൻ പുതുതലമുറ തയ്യാറായില്ലെങ്കിൽ കടുത്ത നിരാശയായിരിക്കും ഫലമെന്നും മോഹൻലാൽ പറഞ്ഞു.

കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ് കേരളയുടെ (സി.സി.എസ്‌.കെ) ഉദ്ഘാടനവും റാങ്ക് ജേതാക്കളെ ആദരിക്കുന്ന ചടങ്ങും തൃപ്പൂണിത്തുറ ജെ.ടി പാക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൗൺസിലിന്റെ ലോഗോയും അദ്ദേഹേ പ്രകാശനം ചെയ്തു.

കൗൺസിൽ പ്രസിഡന്റും ചോയ്‌സ് ഗ്രൂപ്പ് ചെയർമാനുമായ ജോസ് തോമസ്, കൗൺസിൽ രക്ഷാധികാരിയും സി.ബി.എസ്.ഇ സ്കൂൾസ് കൗൺസിൽ ദേശീയ സെക്രട്ടറി ജനറലുമായ ഡോ. ഇന്ദിര രാജൻ, വർക്കിംഗ് പ്രസിഡന്റ് ഇ. രാമൻകുട്ടി വാര്യർ, ജനറൽ സെക്രട്ടറി സുചിത്ര ഷൈജിന്ത് തുടങ്ങിയവർ പങ്കെടുത്തു.

പുതിയതായി രൂപീകരിച്ച കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ് കേരളയിൽ 550 അംഗങ്ങളുണ്ട്. പ്രിൻസിപ്പൽമാരും മാനേജ്‌മെന്റ് പ്രതിനിധികളുമാണ് കൗൺസിലിലെ അംഗങ്ങൾ.