ആലുവ: മകളുടെ വിവാഹത്തലേന്ന് പാട്ടുപാടുന്നതിനിടെ കുഴഞ്ഞു വീണു മരിച്ച എസ്.ഐ വിഷ്ണുപ്രസാദിന് പാടി മുഴുമിക്കാൻ കഴിയാതിരുന്ന ഗാനം ആലപിച്ച് സഹപ്രവർത്തകരുടെ അനുസ്മരണം. കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ, പൊലീസ് അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനത്തിലായിരുന്നു ഹൃദയസ്പർശിയായ ഗാനം ആലപിച്ച് അനുസ്മരിച്ചത്.
സർവ്വീസിൽ നിന്ന് വിരമിക്കുന്ന 19 ഉദ്യോഗസ്ഥർക്കായിരുന്നു യാത്രയയപ്പ്. ടെൽക്ക് ചെയർമാൻ എൻ.സി മോഹനൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന ഓരോ പൊലീസുദ്യോഗസ്ഥന്റേയും സേവന കാലം സമൂഹത്തെ മുന്നോട്ട് നയിക്കാൻ ഉപകരിച്ചിട്ടുണ്ടെന്നും കാലം അത് അടയാളപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കെ.പി.എ റൂറൽ പ്രസിഡൻറ് ഇ.കെ. അബ്ദുൾ ജബ്ബാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.ഒ .എ സംസ്ഥാന ജനറൽ സെകട്ടറി സി.ആർ. ബിജു, ജില്ലാ സെക്രട്ടറി ജെ.ഷാജിമോൻ, സി.ഐ. ഷാജൻ, ഇ കെ. അനിൽ കുമാർ, എം.വി. സനിൽ , ഇന്ദുചൂഡൻ തുടങ്ങിയവർ പ്രസംഗിച്ചു.