aiyf
എ.ഐ.വൈ.എഫ് ആലുവ മണ്ഡലം കമ്മിറ്റി ആലുവ ജില്ലാ ആശുപത്രി സുപ്രണ്ടിനെ ഉപരോധിക്കുന്നു

ആലുവ: ജില്ലാ ആശുപത്രിയിൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച മാമോഗ്രാം യൂണിറ്റ് തുറന്നുപ്രവർത്തിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫിന്റെ ആഭിമുഖ്യത്തിൽ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. നിർദ്ദനരായ രോഗികൾക്ക് ചെറിയ തുകയിൽ ഉപയോഗിക്കാൻ കഴിയുന്ന മാമോഗ്രാം യൂണിറ്റ് ഒരു മാസത്തോളമായി അടച്ചിട്ടിരിക്കുകയാണെന്നാണ് ആക്ഷേപം.

ഇതേതുടർന്ന് മാമോഗ്രാം ടെസ്റ്റിനായി രോഗികൾ സ്വകാര്യ ലാബുകളെയാണ് ആശ്രയിക്കുന്നത്. മോർച്ചറിയിലെ ജനറേറ്റർ പ്രവർത്തനക്ഷമമല്ലാത്തതിനാൽ മൃതദേഹങ്ങൾ സൂക്ഷിക്കാനും കഴിയാത്ത അവസ്ഥയാണ്. ഇതിനെ തുടർന്നാണ് ഭരണപക്ഷ യുവജനസംഘടനയുടെ പ്രതിഷേധം. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഇത്തരം സാഹചര്യത്തിന് കാരണമെന്ന് സമരക്കാർ ആരോപിക്കുന്നു. ജൂൺ 15നകം മാമോഗ്രാം മെഷീൻ സേവനം ലഭ്യമാക്കാമെന്ന് സുപ്രണ്ടന്റ് ഉറപ്പുനൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.

പ്രതിഷേധ യോഗം ജില്ലാ പഞ്ചായത്തംഗം അസ്ലഫ് പാറേക്കാടൻ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് ആലുവ മണ്ഡലം സെക്രട്ടറി ജോബി മാത്യു, എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് എം.എ. സഗീർ, എം.എ. യൂസഫ്, എ.എ. സഹദ്, സി.എ. ഫയാസ്, കെ.കെ. സത്താർ, ജെറി, സിദ്ധിക്ക്, നിഖിൽ, സുകുമാരൻ, ഷിഹാബ് എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി.

അതേസമയം, മാമോഗ്രാം യൂണിറ്റിന് തകരാറില്ലെന്നും ഇവിടത്തെ ജീവനക്കാരി വിവാഹാവശ്യവുമായി അവധിയിലായതുമാണ് അടച്ചപൂട്ടലിന് കാരണമെന്നും ആശുപത്രിയിലെ മറ്റ് ജീവനക്കാർ പറയുന്നു. പകരം ജീവനക്കാരെ നിയമിക്കാത്തതാണ് രോഗികളെ വലക്കാൻ കാരണമെന്നും പറയുന്നു.