കൊച്ചി : പറവൂർ വഴിക്കുളങ്ങരയിലെ ശാന്തിവനത്തിലെ വൈദ്യുതി ടവർ നിർമ്മാണം തടയണമെന്നും 110 കെ.വി ലൈൻ വഴി മാറ്റി വിടണമെന്നും ആവശ്യപ്പെടുന്ന ഹർജി തള്ളിയ സിംഗിൾ ബെഞ്ച് ഉത്തരവിൽ ഡിവിഷൻ ബെഞ്ച് സ്റ്റേ അനുവദിച്ചില്ല.

ജൈവവൈവിദ്ധ്യം നിറഞ്ഞ ശാന്തിവനത്തിൽ മരങ്ങൾ വെട്ടിമാറ്റി ടവർ സ്ഥാപിക്കുന്നത് സസ്യജാലങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ഉടമ മീനാമേനോൻ അപ്പീലിൽ പറഞ്ഞിരുന്നു. ഉത്തരവിന് സ്റ്റേ അനുവദിക്കണമെന്ന ആവശ്യവും അനുവദിച്ചില്ല. ഏപ്രിൽ നാലിന് സിംഗിൾ ബെഞ്ച് ഉത്തരവിട്ടെങ്കിലും അപ്പീൽ വൈകിയത് ആവശ്യത്തിന് അടിയന്തിര പ്രാധാന്യമില്ലെന്ന സൂചനയാണെന്ന് വിലയിരുത്തിയാണ് സ്റ്റേ അനുവദിക്കാത്തത്.
ശാന്തിവനത്തിലൂടെ വൈദ്യുതി ലൈൻ വലിക്കുന്നതിനെതിരെ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയെന്ന് ഹർജിക്കാരി വാദത്തിനിടെ അറിയിച്ചു. നിവേദനത്തിൽ മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാട് വരട്ടെയെന്ന് വ്യക്തമാക്കിയ കോടതി ഹർജി പത്ത് ദിവസത്തിന് ശേഷം പരിഗണിക്കാൻ മാറ്റി.