gold-smuggling

കൊച്ചി : തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ ആരോപണ വിധേയനായ അഡ്വ.എം. ബിജു ഇന്ന് ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലജിൻസ് ഉദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങും. രാവിലെ ഒമ്പതിനും പത്തിനും ഇടയ്ക്ക് കീഴടങ്ങുമെന്നാണ് അറിയുന്നത്. ബിജു ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഡി.ആർ.ഐ ഇന്നലെ എതിർത്തു. കുറച്ചുനേരം വാദം കേട്ട ജഡ്‌ജി തുടർന്നു കേൾക്കാൻ താത്പര്യമില്ലെന്ന് അറിയിച്ചു. അപ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങാൻ തയ്യാറാണെന്നു ബിജുവിന്റെ അഭിഭാഷകൻ പറഞ്ഞത്. ഇത് രേഖപ്പെടുത്തിയ കോടതി കീഴടങ്ങിയാൽ അന്നുതന്നെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ ഉത്തരവിട്ടു. കസ്റ്റഡി അപേക്ഷ പരിഗണിച്ച ശേഷമേ പ്രതിയുടെ ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് പരിഗണിക്കൂ.

മേയ് 13 ന് ദുബായിൽ നിന്ന് തിരുവനന്തപുരത്തു വന്നിറങ്ങിയ സുനിൽകുമാർ, സെറീന ഷാജി എന്നിവരിൽ നിന്ന് 8.17 കോടി രൂപ വിലയുള്ള 25 കിലോ സ്വർണം പിടിച്ചെടുത്തിരുന്നു. ബിജുവാണ് തന്നെ കള്ളക്കടത്തുകാർക്ക് പരിചയപ്പെടുത്തിയതെന്ന് സെറീന മൊഴി നൽകിയിരുന്നു. ബിജു, ഭാര്യ വിനീത, ഷാജി സത്താർ, ചിത്ര, ഉമാദേവി, സിന്ധു, അബൂബക്കർ, പ്രകാശൻ തമ്പി, സംഗീത, വിഷ്ണു സോമസുന്ദരം, ജിത്തുവെന്ന ആകാശ് ഷാജി എന്നിവരും സ്വർണം കടത്തിയെന്നു സെറീന പറഞ്ഞിരുന്നു. പിന്നീട് അറസ്റ്റിലായ വിനീത ഭർത്താവ് പറഞ്ഞതുപ്രകാരം 20 കിലോ സ്വർണം കടത്തിയെന്ന് സമ്മതിച്ചതായും ഡി.ആർ.ഐ കോടതിയെ അറിയിച്ചു.