ആലുവ: എടയാർ സ്വർണക്കവർച്ച കേസുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ കസ്റ്റഡിയിൽ വാങ്ങിയ പ്രതികളുമായി തെളിവെടുപ്പ് നടന്നു. കവർച്ച നടന്ന എടയാർ സി.ജി.ആർ മെറ്റലോയിസ് ലിമിറ്റഡിന് സമീപം ഇന്നലെ വൈകിട്ടാണ് അഞ്ച് പ്രതികളെയും തെളിവെടുപ്പിനെത്തിച്ചത്. അഞ്ച് മിനിറ്റിനകം തെളിവെടുപ്പ് പൂർത്തിയാക്കി അന്വേഷണ സംഘം പാതാളം, കളമശേരിയിലേക്ക് പോയി.
കവർച്ചയ്ക്ക് ശേഷം പ്രതികൾ മടങ്ങിയത് കളമശേരി വഴിയാണെന്ന വിവരത്തെ തുടർന്നായിരുന്നു ഇതുവഴി തെളിവെടുപ്പ് നടത്തിയത്. പ്രതികളെ പലവട്ടം കൂട്ടായും ഒറ്റക്കും ചോദ്യം ചെയ്തിട്ടും തൊണ്ടിമുതൽ കണ്ടെത്താനാകാത്തത് പൊലീസിനെ വലക്കുകയാണ്.
കവർച്ചയുടെ മുഖ്യസൂത്രധാരൻ ഇടുക്കി മുരിക്കാശേരി കുര്യാത്ത് സതീഷ് സെബാസ്റ്റ്യൻ, തൊടുപുഴ മടക്കത്താനം കിഴക്കേമടത്തിൽ റാഷീദ് ബഷീർ, മടക്കത്താനം വെള്ളാപ്പള്ളിയിൽ നസീബ് നൗഷാദ്, തൊടുപുഴ കുമാരമംഗലം നടുവിലകത്ത് സുനീഷ് സുധാകരൻ, തൊടുപുഴ മുതലക്കോടം സ്വദേശി ബിബിൻ ജോർജ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇവരെ ജൂൺ രണ്ട് വരെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകിയിട്ടുള്ളത്. അതേസമയം പ്രതികളെ ഏലത്തോട്ടത്തിലെ ഒളി സങ്കേതത്തിലെത്തിച്ച ടാക്‌സി ഡ്രൈവർ മനു മണിയെ വീണ്ടും ചോദ്യം ചെയ്തെങ്കിലും കൂടുതൽ വിവരങ്ങളൊന്നും ലഭ്യമായില്ല. ഇതേതുടർന്ന് ഇയാളെ വിട്ടയച്ചു.