മൂവാറ്റുപുഴ : നിർമ്മല കോളേജിനെ മികവിന്റെ ഇടമാക്കിയ പ്രിൻസിപ്പൽ ഡോ. ടി. എം. ജോസഫ് ഇന്ന് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുന്നു. നിർമ്മല കോളേജിന്റെ മുഖച്ഛായതന്നെ മാറ്റിയെടുക്കുന്നതിൽ അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള കർമ്മപദ്ധതികൾക്ക് കഴിഞ്ഞിട്ടുണ്ട്. കോളേജിന്റ പ്രവേശനകവാടം തന്നെ കാമ്പസിന്റെ മാറ്റത്തിന്റെ പ്രൗഢി വെളിപ്പെടുത്തുന്നതാണ്.
കാമ്പസിനെ ആധുനിക സൗകര്യങ്ങളിൽ എത്തിക്കുക മാത്രമല്ല അക്കാഡമിക് മികവിലേക്ക് നയിക്കാനും ഡോ. ടി.എം. ജോസഫിന് കഴിഞ്ഞു. അദ്ദേഹം ആവിഷ്‌ക്കരിച്ച മാസ പ്രഭാഷണങ്ങൾ, ദേശീയ അന്തർദേശീയ സെമിനാറുകൾ, സീറോഅവർ, പൊതുവിഷയങ്ങളെ അധികരിച്ചുള്ള വിദ്യാർത്ഥികളുടെ പ്രഭാഷണങ്ങൾ തുടങ്ങിയവ എടുത്തുപറയേണ്ടതാണ്. കുട്ടികളെ സംരംഭകരാക്കാൻ ഫുഡ് ഫെസ്റ്റിവൽ, അവരുടെ സർഗാത്മകതയെ വളർത്താൻ കരകൗശല പരിശീലനം തുടങ്ങിയവയും നടപ്പാക്കി. നിർമ്മല കോളേജ് രാജ്യത്തെ മികച്ച കോളേജുകളുടെ ഗണത്തിൽ എത്തി എന്നതും അഭിമാനാർഹമായ നേട്ടമാണ്. മാനവ വിഭവശേഷി മന്ത്രാലയത്തിൽനിന്ന് രണ്ടുകോടി രൂപയുടെ ധനസഹായം കോളേജിനു ലഭിച്ചത് കോളേജിന്റെ അക്കാഡമിക് നിലവാരം കൊണ്ടാണ്.
ജില്ലയിലെ ഏറ്റവും മികച്ച ഗ്രന്ഥശാലകളിൽ ഒന്നായ നിർമ്മല കോളേജ് ലൈബ്രേറിയൻ വാസുദേവൻ നമ്പൂതിരിയും ഇന്ന് വിരമിക്കുകയാണ്. പ്രഭാഷകനും ചിന്തകനുമായ അദ്ദേഹം ലൈബ്രറിയെ വളർത്താൻ വലിയ സംഭാവനകളാണ് നൽകിയത്. ഹൃദയം നിറഞ്ഞ സ്‌നേഹത്തോടെ ഇരുവരെയും ഇന്ന് നിർമ്മല കോളേജ് കാമ്പസ് യാത്രയാക്കും.