കൊച്ചി : മരടിൽ ചട്ടം ലംഘിച്ച് നിർമിച്ച നാല് ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിച്ചുനീക്കാനുള്ള സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാത്തത് എന്തുകൊണ്ടെന്ന് ആരാഞ്ഞ് മരട് നഗരസഭ ഫ്ളാറ്റ് നിർമ്മാതാക്കൾക്ക് നോട്ടീസ് നൽകി ഹോളിഡേ ഹെറിറ്റേജ് , കായലോരം അപ്പാർട്ട്മെന്റ്സ് , ഹോളി ഫെയ്ത് , ആൽഫാ വെഞ്ചേഴ്സ് , ജെയ്ൻ ഹൗസിങ്ങ് എന്നീ സമുച്ചയങ്ങളാണ് പൊളിച്ച് നീക്കേണ്ടിയിരുന്നത് . മെയ് 8 ആയിരുന്നു ഇവ പൊളിച്ചുനീക്കേണ്ട അവസാന തീയതി .
ഫ്ളാറ്റ് നിർമ്മാതാക്കൾ ഇനിയും നടപടി സ്വീകരിച്ചില്ലെങ്കിൽ എന്തുചെയ്യണമെന്ന കാര്യത്തിൽ സുപ്രീം കോടതിയിലേയും , ഹെെക്കോടതിയിലേയും മുതിർന്ന അഭിഭാഷകരുടെയും നിയമ വിദഗ്ദ്ധരുടേയും അഭിപ്രായം തേടുമെന്ന് നഗരസഭാസെക്രട്ടറി സുഭാഷ് ടി.കെ പറഞ്ഞു. ഫ്ളാറ്റുകൾ ആര്, എങ്ങനെ പൊളിക്കും, അവശിഷ്ടങ്ങൾ എവിടെ തള്ളും എന്നീ വിഷയങ്ങളെക്കുറിച്ച് ഉത്തരവിൽ വ്യക്തതയില്ലാത്ത സാഹചര്യത്തിൽ ഇക്കാര്യങ്ങൾ നഗരസഭാ ചെയർപേഴ്സൻ സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് സെക്രട്ടറി പറഞ്ഞു. ഫ്ളാറ്റുകൾ പൊളിക്കാൻ സമയപരിധി നീട്ടാനാവില്ലെന്ന് കോടതി വ്യക്തമാക്കിയതിന്റെകൂടി പശ്ചാത്തലത്തിൽ ഹെെക്കോടതി സ്റ്റാന്റിംഗ് കോൺസലിന്റെ ഉപദേശം തേടുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനസർക്കാരിന്റെ ഉപദേശം തേടാനും ഫ്ളാറ്റുകൾക്ക് അനുമതി നല്‍കിയതിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്യാനും മരട് നഗരസഭ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.