കൊച്ചി : കേരളത്തിന്റെ തന്നെ വികസനത്തിന് കുതിപ്പു പകരുന്ന നിരവധി പദ്ധതികൾ പൂർത്തീകരണവും തുടക്കവും കാത്ത് കൊച്ചിയിലുണ്ട്. നരേന്ദ്രമോദിയുടെ രണ്ടാം സർക്കാർ അവയോട് അനുഭാവവും ഉദാരസമീപനവും കാണിക്കുമെന്ന പ്രതീക്ഷയിലാണ് മെട്രോ നഗരി. വി. മുരളീധരൻ കേന്ദ്രമന്ത്രിയായതും പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്നു. അത്തരം ചില പദ്ധതികളെക്കുറിച്ച്.

ഫാക്ട്

അടിയന്തര സഹായം ലഭിക്കേണ്ട കേന്ദ്ര പൊതുമേഖലാ വളം നിർമ്മാണശാല. പ്രതിസന്ധിയിൽ മുങ്ങിയ ഫാക്ടിനോട് കേന്ദ്രം ഇക്കുറി കനിയുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാരും മാനേജ്മെന്റും. അസംസ്കൃതവസ്തുക്കൾ വാങ്ങാൻ ഫണ്ടില്ലാത്തതും വായ്പകളുടെ ഭീമമായ തിരിച്ചടവും പലിശയുമാണ് ഫാക്ടിനെ വലയ്ക്കുന്നത്.

രണ്ടാം യു.പി.എ സർക്കാരിന്റെ കാലത്ത്

ഫാക്ടിന് 999.19 കോടി രൂപയുടെ സഹായ പാക്കേജ് ശുപാർശ ചെയ്യപ്പെട്ടു. അന്ന് ഏഴു മലയാളി മന്ത്രിമാരുണ്ടായിട്ടും പാക്കേജ് ഒരിഞ്ച് അനങ്ങിയില്ല. കഴിഞ്ഞ മോദി സർക്കാർ പാക്കേജ് വാഗ്ദാനം ആവർത്തിച്ചെങ്കിലും നടപ്പായില്ല. പകരം ആയിരം കോടി രൂപ വായ്പ നൽകി.

പുതിയ സർക്കാർ കനിഞ്ഞാലേ ഇനി രക്ഷയുള്ളൂഞ്ഞ എം.പിയെന്ന നിലയിൽ ഫാക്ടിന്റെ പ്രശ്നങ്ങളിൽ ഇടപെട്ടിട്ടുള്ള വി. മുരളീധരൻ കേന്ദ്രമന്ത്രിയായത് പ്രതീക്ഷ പകരുന്നതാണെന്ന് സേവ് ഫാക്ട് ഭാരവാഹികൾ പറഞ്ഞു. അദ്ദേഹത്തെയും പുതിയ രാസവളം മന്ത്രി ഡി.വി. സദാനന്ദഗൗഡയെയും സന്ദർശിച്ച് പാക്കേജിന് സമ്മർദ്ദം ചെലുത്താനാണ് നീക്കം.

കൊച്ചി കാൻസർ സെന്റർ

കളമശേരിയിലെ കൊച്ചി കാൻസർ റിസർച്ച് സെന്ററിന്റെ വളർച്ചയ്ക്ക് കേന്ദ്ര സഹായം അനിവാര്യമാണ്. സംസ്ഥാന സർക്കാരിന്റെ കീഴിലാണെങ്കിലും കേന്ദ്ര സഹായം ലഭിച്ചാൽ ചികിത്സ, ഗവേഷണം, ബോധവത്കരണം തുടങ്ങിയവയിൽ മുന്നേറ്റമുണ്ടാകും. ആധുനിക സംവിധാനങ്ങളും സംഘടിപ്പിക്കാനാകും.

വി. മുരളീധരനിൽ തന്നെയാണ് കാൻസർ സെന്റിറിന് വേണ്ടി പ്രവർത്തിച്ച ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്മെന്റ് പ്രതീക്ഷയർപ്പിക്കുന്നത്. സംസ്ഥാനം ആവശ്യപ്പെട്ടാൽ സെന്ററിനെ സഹായിക്കാമെന്ന് മുൻ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ അറിയിച്ചിരുന്നു.

ശശി തരൂർ എം.പി തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിന് നൂറു കോടി രൂപയുടെ കേന്ദ്ര സഹായം അനുവദിപ്പിച്ചിരുന്നു. അതുപോലെ കൊച്ചിയ്ക്കും സഹായം കിട്ടുമെന്നാണ് പ്രതീക്ഷ.

എൽ.എൻ.ജി പൈപ്പ്ലൈൻ

പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് നിരീക്ഷിക്കുന്ന പദ്ധതി. കൊച്ചി മുതൽ മംഗലാപുരം വരെയുള്ള ദ്രവീകൃത പ്രകൃതിവാതക പൈപ്പ് ലൈൻ. ഡിസംബറിൽ നിർമ്മാണം പൂർത്തിയാക്കണമെന്ന് കേന്ദ്രം അന്ത്യശാസനം നൽകിയിട്ടുണ്ട്. പാലക്കാട് കൂറ്റനാട് വരെ സജ്ജമായി. കൂറ്റനാട് മംഗലാപുരം നിർമ്മാണം അവസാനഘട്ടത്തിലാണ്.

കൊച്ചിയിൽ ഇറക്കുമതി ചെയ്യുന്ന എൽ.എൻ.ജി പൈപ്പ്ലൈൻ വഴി കർണാടകത്തിലും തമിഴ്നാട്ടിലും വിതരണം ചെയ്യുന്നത് വ്യവസായ മേഖലയ്ക്ക് വലിയ നേട്ടമാകും. പദ്ധതി സമയബന്ധിതമായി തീർക്കാൻ കേന്ദ്രം ശക്തമായ പിന്തുണ നൽകുമെന്ന് പദ്ധതി നടപ്പാക്കുന്ന ഗെയിൽ അധികൃതർ പറഞ്ഞു.

ശബരി റെയിൽ

പ്രധാനമന്ത്രിയുടെ ഓഫീസ് നിരീക്ഷിക്കുന്ന അങ്കമാലി - എരുമേലി റെയിൽപ്പാതയും പതിറ്റാണ്ടു പിന്നിട്ടിട്ടും മുന്നേറിയിട്ടില്ല. അങ്കമാലി മുതൽ കാലടിക്കടുത്ത് മറ്റൂർ വരെയാണ് പാത നിർമ്മിച്ചത്. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ സ്ഥലം ഏറ്റെടുക്കൽ പോലും തീർന്നിട്ടില്ല. കൂടുതൽ ബഡ്‌ജറ്റ് വിഹിതം ലഭിച്ചാലേ പദ്ധതി മുന്നേറൂ.

എൽ.പി.ജി ഇറക്കുമതി ടെർമിനൽ

കൊച്ചിയിലെ പുതുവൈപ്പിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ എൽ.പി.ജി ഇറക്കുമതി ടെർമിനൽ നിർമ്മാണം പുനരാരംഭിക്കാൻ കേന്ദ്ര സമ്മർദ്ദം അനിവാര്യമാണ്. മുപ്പതു ശതമാനത്തോളം നിർമ്മാണം പൂർത്തിയായെങ്കിലും പ്രദേശവാസികളുടെ എതിർപ്പു മൂലം രണ്ടു വർഷമായി നിർമ്മാണം നിലച്ചു. കേരളത്തിലെയും അയൽ സംസ്ഥാനങ്ങളിലെയും എൽ.പി.ജി ക്ഷാമത്തിന് ശാശ്വത പരിഹാരാമാകുന്ന പദ്ധതിയിൽ കേന്ദ്രം ഇടപെടുമെന്നാണ് ഐ.ഒ.സി അധികൃതരുടെ പ്രതീക്ഷ.