കൊച്ചി : ദേവലോകം ഇരട്ടക്കൊലക്കേസിൽ വിചാരണക്കോടതി ഇരട്ട ജീവപര്യന്തം ശിക്ഷിച്ച പ്രതി ബംഗളൂരു ഷിമോഗ സാഗർ സ്വദേശി ഇമാം ഹുസൈനെ (57) ഹൈക്കോടതി വെറുതേ വിട്ടു. ഇരട്ടക്കൊല നടത്തിയത് ഇയാളാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. 1993 ഒക്ടോബർ 9ന് കാസർകോട് പെർള ദേവലോകത്ത് ശ്രീകൃഷ്‌ണ ഭട്ട് (45), ഭാര്യ ശ്രീമതി ഭട്ട് (35) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ 19 വർഷത്തിനു ശേഷം 2012 ഏപ്രിൽ 20 നാണ് ഹുസൈൻ പിടിയിലായത്. പറമ്പിലെ നിധിയെടുത്തു നൽകാൻ പൂജ നടത്താനെത്തിയ പ്രതി ഭട്ടിനെയും ഭാര്യയെയും കൊന്ന് സ്വർണവും പണവും തട്ടിയെടുത്തെന്നാണ് കേസ്.
ദമ്പതികൾക്ക് പ്രസാദമായി നൽകിയ വെള്ളത്തിൽ ഹുസൈൻ ഉറക്ക ഗുളിക ചേർത്തിരുന്നു. പൂജയെത്തുടർന്ന് തെങ്ങിൻതൈ നടാനായി പറമ്പിലൊരുക്കിയ കുഴിയിൽ ഇറങ്ങിയിരുന്നു പ്രാർത്ഥിക്കാൻ ഭട്ടിനോട് ഇയാൾ ആവശ്യപ്പെട്ടു. അങ്ങനെ ചെയ്ത ഭട്ടിനെ മൺവെട്ടി കൊണ്ട് അടിച്ചു കൊന്നെന്നും പിന്നീട് അബോധാവസ്ഥയിൽ കിടന്ന ഭാര്യയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം പണവും സ്വർണവും കവർന്നെന്നും ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. ഭട്ടിന്റെ സ്കൂൾ വിദ്യാർത്ഥികളായ മൂന്നു മക്കളും വീട്ടിലെ മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്നു.
കാസർകോട് അഡി. സെഷൻസ് കോടതിയാണ് ഇരട്ട ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. സ്വർണവും പണവും കണ്ടെത്താനും കൊലയ്ക്കുപയോഗിച്ച ആയുധങ്ങൾ കണ്ടെടുക്കാനും ക്രൈംബ്രാഞ്ചിന് കഴിഞ്ഞില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇയാളാണ് കൊല നടത്തിയതെന്ന് തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സംഭവദിവസം ഭട്ടിന്റെ വീടിനു സമീപം പ്രതിയെ കാറിൽ കൊണ്ടു വിട്ടെന്ന ടാക്സി ഡ്രൈവറുടെ മൊഴി ഇയാളുടെ സാന്നിദ്ധ്യം പ്രദേശത്ത് ഉണ്ടായിരുന്നതിന് തെളിവാണ്. കൂടാതെ ഒരു കുപ്പിയിൽ പ്രതിയുടെ വിരലടയാളമുണ്ടായിരുന്നു. കൊലക്കുറ്റം ചുമത്താൻ ഇതു പര്യാപ്തമല്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
പൂവൻകോഴി 'സാക്ഷിയായി'
പൂവൻകോഴി സാക്ഷിപ്പട്ടികയിൽ ഇടംപിടിച്ചതാണ് കേസിലെ കൗതുകം. ഹുസൈന്റെ ബാഗിൽ ജീവനുള്ള കോഴി ഉണ്ടായിരുന്നെന്ന് ടാക്സി ഡ്രൈവർ മൊഴി നൽകിയിരുന്നു. ചോദിച്ചപ്പോൾ കറിവയ്‌ക്കാൻ വാങ്ങിയതാണെന്നാണ് പറഞ്ഞതെന്നും മൊഴിയിലുണ്ട്.
പിന്നീട് ഭട്ടിന്റെ വീട്ടിൽ നിന്ന് ഒരു പൂവൻ കോഴിയെ ജീവനോടെ കണ്ടെത്തി. ഇതിനെ പൂജയ്‌ക്കുവേണ്ടി ഇമാം കൊണ്ടുവന്നതാണെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്. അങ്ങനെ പൂവൻ കോഴിയും സാക്ഷിയായി. പിന്നീട് ബോവിക്കാനം സ്റ്റേഷനിൽ വളർത്തിയ കോഴി മൂന്നു മാസങ്ങൾക്കുശേഷം ചത്തു.
ഹുസൈന്റെ പക്കലുണ്ടായിരുന്ന കോഴിയെ ഭട്ടിന്റെ വീടിനു സമീപം കണ്ടതിന്റെ പേരിൽ ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്താനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.