കൊച്ചി : ആധുനിക കാൻസർ ചികിത്സ സാധാരണക്കാരിലേയ്ക്ക് എന്ന ലക്ഷ്യവുമായി കടവന്ത്രയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി മിഷൻ കാൻസർ കെയർ പദ്ധതി നടപ്പാക്കുന്നു. കാൻസർ വിദഗ്ദ്ധരായ ഡോ.വി.പി. ഗംഗാധരൻ, ഡോ. ജി. അനുപമ എന്നിവർ നേതൃത്വം നൽകുന്ന പദ്ധതി ഇന്നാരംഭിക്കും.
ഓങ്കോളജി വകുപ്പിന്റെയും പദ്ധതിയുടെയും ഉദ്ഘാടനം ഇന്നു രാവിലെ 10 ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിക്കും. എം.ഒ. ജോൺ അദ്ധ്യക്ഷത വഹിക്കും. നിയുക്ത എം.പി ഹൈബി ഈഡൻ, എം.എൽ.എമാരായ പി.ടി. തോമസ്, എസ്. ശർമ്മ, വി.കെ. ഇബ്രാഹിംകുഞ്ഞ്, സഹകരണ രജിസ്ട്രാർ എസ്. ഷാനാവാസ്, മേയർ സൗമിനി ജെയിൻ തുടങ്ങിയവർ പ്രസംഗിക്കും.
ഡോ.വി.പി. ഗംഗാധരന്റെ നേതൃത്വത്തിൽ വിപുലമായ സംവിധാനങ്ങൾ ഓങ്കോളജി വിഭാഗത്തിൽ ഒരുക്കിയിട്ടുണ്ടെന്ന് ആശുപത്രി ഭരണസമിതി പ്രസിഡന്റ് എം.ഒ. ജോൺ, സെക്രട്ടറി അജയ് തറയിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഞായർ ഒഴികെ ദിവസങ്ങളിൽ പരിശോധനാ സൗകര്യമുണ്ടാകും. ശസ്ത്രക്രിയ, കീമോതെറാപ്പി, കുട്ടികൾക്ക് പ്രത്യേക വാർഡ്, തീവ്രപരിചരണ വിഭാഗം, പാലയേറ്റീവ് കെയർ തുടങ്ങിയ സൗകര്യങ്ങൾ ലഭിക്കും. സമ്പൂർണ കാൻസർ സെന്ററായി ആശുപത്രിയെ മാറ്റും.
ചുരുങ്ങിയ ചെലവിൽ ചികിത്സ ലഭ്യമാക്കും. പണമില്ലാത്തതിന്റെ പേരിൽ ആർക്കും ചികിത്സ നിഷേധിക്കരുതെന്നാണ് ഭരണ സമിതിയുടെ തീരുമാനമെന്ന് അവർ പറഞ്ഞു.