കൊച്ചി: നഗരസഭയുടെ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽരണ്ട് യു.ഡി.എഫ് കൗൺസിലർമാർ കാലുമാറിയതിനെ തുടർന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ ബൈജു തോട്ടാളിക്ക് അട്ടിമറി ജയം. ബി.ജെ.പി കൗൺസിലർ സുധ ദിലീപ് കുമാറും എൽ.ഡി.എഫിന് വോട്ടു ചെയ്തു. വൈകിയെത്തിയതിനാൽ മറ്റൊരു കൗൺസിലറായ ശ്യാമള എസ്.പ്രഭുവിന് വോട്ടു ചെയ്യാൻ കഴിഞ്ഞില്ല. നഗരസഭയിൽ ബി.ജെ.പിക്ക് രണ്ട് കൗൺസിലർമാരാണുള്ളത്. ഹേമ പ്രഹ്ളാദനായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി. ഇടപ്പള്ളി കൗൺസിലറും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.ജി. രാധാകൃഷ്ണനും ചക്കരപ്പറമ്പ് ഡിവിഷൻ കൗൺസിലർ അഡ്വ. പി.എം. നസീമയുമാണ് എൽ.ഡി.എഫിന് വോട്ട് ചെയ്തത്.
ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗവും വൈറ്റില ജനത ഡിവിഷൻ കൗൺസിലറുമായിരുന്ന എം. പ്രേമചന്ദ്രന്റെ മരണത്തെ തുടർന്നാണ് സമിതിയിൽ ഒഴിവ് വന്നത്. ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദ് ഉൾപ്പെടെ പത്ത് അംഗങ്ങളാണ് സമിതിയിലുണ്ടായിരുന്നത്. പ്രേമചന്ദ്രന്റെ മരണത്തോടെ എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും കക്ഷിനില തുല്യമായി. നിർണായക തീരുമാനങ്ങളെടുക്കാൻ നിർവാഹക സമിതിക്ക് കഴിയാതെ വന്നു. ഇതേതുടർന്ന് പ്രതിപക്ഷത്തിന്റെ കൈവശമുള്ള വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റിയിലെ അംഗമായ ഹേമ പ്രഹ്ളാദനെ ധനകാര്യ സമിതിലേക്ക് മാറ്റാൻ യു.ഡി.എഫ് തീരുമാനിച്ചു. ഇതിനെ പ്രതിപക്ഷം എതിർത്തതോടെയാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
എം. പ്രേമചന്ദ്രൻ പ്രതിനിധീകരിച്ചിരുന്ന 52ാം ഡിവിഷനിൽ നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ബൈജു തോട്ടാളി വിജയിച്ചു. സ്വഭാവികമായി ബൈജു ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെടേണ്ടതായിരുന്നു. എന്നാൽ ഈ സാഹചര്യം ഒഴിവാക്കാൻ ഹേമയെ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ നിന്ന് രാജി വയ്പിച്ച് തിരഞ്ഞെടുപ്പിന് യു.ഡി.എഫ് വഴിയൊരുക്കുകയാണ് ചെയ്തതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
ഡെപ്യൂട്ടി കളക്ടർ കെ. ചന്ദ്രശേഖരൻ നായർ വരണാധികാരിയായിരുന്നു.. . ബൈജുവിന്റെ വിജയത്തോടെ ധനകാര്യ കമ്മിറ്റിയിൽ യു.ഡി.എഫിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു. എൽ.ഡി.എഫിന് അഞ്ചും യു.ഡി.എഫിന് നാലും കൗൺസിലർമാരായി. വോട്ടെടുപ്പിൽ പരാജയപ്പെട്ട ഹേമ പ്രഹ്ളാദൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗമായി തുടരും.
# മേയർ രാജി വയ്ക്കണമെന്ന് പ്രതിപക്ഷം
തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കൗൺസിലിൽകൺസിലിൽ ഭൂരിപക്ഷം നഷ്ടപ്പെട്ട മേയറും ഡെപ്യൂട്ടി മേയറും രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർ പ്രകടനം നടത്തി. നഗരസഭ കവാടത്തിന് മുന്നിൽ ചേർന്ന യോഗത്തിൽ പ്രതിപക്ഷ നേതാവ് കെ.ജെ. ആന്റണി, വി.പി. ചന്ദ്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പ്രതിഭ അൻസാരി, പൂർണിമ നാരായൺ, ബൈജു തോട്ടാളിവ, ബെനഡിക്‌ട് ഫെർണാണ്ടസ്, സി.കെ. പീറ്റർ, ജിമിനി, കെ.ജെ. ബേസിൽ, ഒ.പി. സുനിൽ, ജയന്തി പ്രേനാഥ്,. ഷീബാലാൽ തുടങ്ങിയവർ സംസാരിച്ചു.