by
മേയറും ഡെപ്യൂട്ടി മേയറും രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രകടനം നടത്തുന്നു

കൊച്ചി: സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി കൗൺസിലർ എൽ.ഡി.എഫിന് വോട്ടു ചെയ്തതിലൂടെ ഇരുകൂട്ടരും തമ്മിലുള്ള അവിഹിത കൂട്ടുകെട്ട് പുറത്തു വന്നിരിക്കുകയാണെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും ഡെപ്യൂട്ടി മേയറുമായ ടി.ജെ.വിനോദ് ആരോപിച്ചു. ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും ജില്ല നേതൃത്വത്തിന്റെ അറിവോടെയാണ് ഈ രഹസ്യനീക്കം നടന്നിരിക്കുന്നത്. ഇക്കാലമത്രയും നഗരസഭയിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ നിന്ന് വിട്ടുനിൽക്കുകയോ നിഷ്‌പക്ഷ നിലപാടോ സ്വീകരിച്ചിരുന്ന ബി.ജെ.പി ഇത്തവണ സി.പി.എമ്മിന് അനുകൂലമായ നിലപാട് സ്വീകരിച്ചതിൽ ദുരൂഹതയുണ്ട്. അധികാരത്തിന്റെ അപ്പക്കഷ്ണത്തിന് വേണ്ടി അവസരവാദപരമായ നിലപാടാണ് സി.പി.എം തിരഞ്ഞെടുപ്പിൽ സ്വീകരിച്ചത്. അതേസമയം വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത രണ്ട് കോൺഗ്രസ് കൗൺസിലർമാർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകി വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്ന് ടി.ജെ.വിനോദ് അറിയിച്ചു.