തൃക്കാക്കര : മുളവുകാട് - കണ്ടെയ്നർ റോഡിലെ കാന നിർമ്മാണം അശാസ്ത്രീയമാണെന്നും തദ്ദേശവാസികൾക്ക് ഒട്ടും പ്രയോജനകരമല്ലന്നും പഞ്ചായത്തും പ്രദേശ വാസികളും പരാതി നൽകിയതിനെ തുടർന്ന് ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള സ്ഥലം സന്ദർശിച്ചു. ജൂൺ മൂന്നിന് രാവിലെ 11 മണിക്ക് ജില്ലാ കളക്ടറുടെ ചേംബറിൽ ബസപ്പെട്ടവരുടെ യോഗം വിളിച്ചു ചേർക്കുമെന്ന് കളക്ടർ അറിയിച്ചു.
കൾവേർട്ട് നിർമ്മാണം പൂർത്തിയാകുന്നതോടെ തറനിരപ്പിൽ നിന്നും കൂടുതൽ ഉയരത്തിലാക്കുമെന്നും വെള്ളം ഒഴുകി പോകാൻ കഴിയാത്ത സാഹചര്യം വരുമെന്നും പഞ്ചായത്ത് അധികൃതർ ചൂണ്ടിക്കാട്ടി.
കണ്ടെയ്നർ റോഡിലേക്ക് മുളവുകാട് വടക്കേ അറ്റത്തു നിന്നുള്ള അടിപ്പാത സഞ്ചാരയോഗ്യമാക്കണമെന്നും ആവശ്യമുയർന്നു. കണ്ടെയ്നർ റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണിത്. വടക്കേ അറ്റത്ത് അടിപ്പാത ഉണ്ടെങ്കിലും സഞ്ചാരയോഗ്യമല്ല. പ്രധാന റോഡിൽ നിന്നും അടിപ്പാതയിലേക്കുള്ള ഭാഗം വരെ റോഡ് സൗകര്യവും സ്ട്രീറ്റ് ലൈറ്റും ശരിയാക്കി തരണമെന്നും പഞ്ചായത്ത് അധികൃതർ കളക്ടറോട് ആവശ്യപ്പെട്ടു.